അബുദാബി: യുഎഇയിലെ പ്രാദേശിക വിപണികളില്‍ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓര്‍ഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, വിപണിയിലെ ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും എല്ലാ ആരോഗ്യ സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചു. ഇ.കോളി ഒ121 അണുബാധയെ തുടര്‍ന്ന്, കാരറ്റ് വില്‍പ്പന നടത്തുന്ന അമേരിക്കയിലെ ഗ്രിംവേ ഫാം നിലവില്‍ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രത്തിന്‍റെ (സിഡിസി) അന്വേഷണത്തിന്‍ കീഴിലാണ്. കഠിനമായ വയറുവേദന, വയറിളക്കം (പലപ്പോഴും രക്തം കലർന്നത്), ഛർദ്ദി എന്നിവയാണ് ഇ.കോളിയുടെ ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. മിക്ക ആളുകളും അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ചില ആളുകൾക്ക് ഗുരുതരമായ വൃക്ക തകരാറുകൾ ഉണ്ടായേക്കാമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും സിഡിസി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A