
യുഎഇയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്
Animol Gilda ദുബായ്: ദുബായിൽ കൊല്ലപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ നടപടികളും പൂർത്തിയായി. നിലവിൽ ആനിമോളുടെ മൃതദേഹം ദുബായ് പോലീസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആണ്‍സുഹൃത്തായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ (28) ആണ് വാക്കുതർക്കത്തെ തുടർന്ന് ആനിമോളെ കഴിഞ്ഞ മേയ് നാലിന് വൈകീട്ട് നാലുമണിക്ക് കരാമയിലെ താമസസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയത്. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അബിന്‍ ലാല്‍. സംഭവത്തിന് ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കരാമ മത്സ്യമാർക്കറ്റിന് പിൻവശത്തുള്ള കെട്ടിടത്തിലെ ഫ്ലാറ്റിൽ കൂട്ടുകാരുടെ കൂടെയാണ് ആനിമോൾ താമസിച്ചിരുന്നത്. അബുദാബിയിൽ നിന്ന് എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ആനിമോളെ കാണാനായി ഇവിടെ എത്താറുണ്ടായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സംഭവദിവസം വൈകീട്ട് കൂട്ടുകാരുമൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാൽക്കണിയിൽ വെച്ച് വഴക്കിടുകയും പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് കയറി വാതിലടക്കുകയും ചെയ്തു. തുടർന്ന്, ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴേക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോര വാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ചിത്രം കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടിയത്. അറസ്റ്റിലായശേഷം അബിൻ ലാൽ കുറ്റം സമ്മതിച്ചു. ദുബായിലെ ഒരു സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. ഏകദേശം ഒരു വർഷം മുൻപ് അബിൻ ലാൽ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിൻ ലാലെന്നും എന്നാൽ, ആനിമോളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നെന്നും മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇതേ തുടർന്നുള്ള വാക്കുതർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Comments (0)