വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവിനെതിരെ നിവേദനം നൽകും

വേനലവധിക്ക് നാട്ടിലേക്ക് എത്താൻ തീവിലകൊടുത്ത് വിമാനടിക്കറ്റ് എടുക്കുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. പ്രവാസികളായ സാധാരണ യാത്രക്കാരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ സർക്കാർ ഒഴിവാക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് ടി കെ പ്രദീപ് നെന്മാറ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി യാത്രക്കാർക്ക് അവധിക്കാലത്ത് ഇരട്ടി പ്രഹരമാണ് വിമാനക്കമ്പനികൾക്കൊപ്പം വിമാനത്താവളങ്ങളും ഏൽപ്പിക്കുന്നത്. പ്രവാസി കൂട്ടായ്മകളും യൂസർഫീ വർധനയ്ക്കെതിരേ വലിയ പ്രതിഷേധത്തിലാണ്. കൂടിയനിരക്കുകളിൽ നാട്ടിലേക്കുപോകുന്ന കുടുംബങ്ങൾക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളിൽനിന്നും പിന്നോട്ടുപോകാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ഇടപെടണമെന്ന് ഇൻകാസ് യുഎഇ ഭാരവാഹികളായ ബിജു എബ്രഹാം, പിച ഷാജി എന്നിവരും ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

നിലവിലുള്ള യൂസർഫീയിൽ 50 ശതമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വർധിപ്പിച്ചത്. ഒരു തവണ യാത്രചെയ്യാൻ 1540 രൂപയാണ് പ്രവാസികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർഫീയായി നൽകേണ്ടത്. കൂടാതെ 18 ശതമാനം ജിഎസ്ടിയും യൂസർഫീയോടൊപ്പം നൽകണമെന്നാണ് നിയമം. ജിഎസ്ടിയും പരോക്ഷമായി പ്രവാസി യാത്രക്കാരിൽ ബാധ്യതയാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യൂസർഫീ വാങ്ങുന്നത് കണ്ണൂർ വിമാനത്താവളത്തിലാണ്. വിമാനക്കമ്പനികളുടെ കൂടിയ നിരക്കുകൾക്കൊപ്പമാണ് യൂസർഫീ അടക്കമുള്ള അധികബാധ്യതയും പാവപ്പെട്ട പ്രവാസികൾ സഹിക്കേണ്ടി വരുന്നത്. ആഭ്യന്തര യാത്രക്കാർക്ക് യൂസർഫീ താരതമ്യേന പകുതി നൽകിയാൽ മതിയാകും. യുഎഇയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്രക്കാർ ഭൂരിഭാഗവും ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തെയാണ്. വടകരമുതൽ കാസർകോട് വരെയുള്ള യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുമാണ്. പൊതുവെ കണ്ണൂരിലേക്ക് യുഎഇയിൽ നിന്ന് നിരക്ക് കൂടുതലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy