കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; ദുരന്ത കാരണവും കൂടുതൽ വിവരങ്ങളും

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. പരുക്കേറ്റ 50 പേരിൽ 7 പേരുടെ നില ​ഗുരുതരമായി തുടരുന്നു. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്‍, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കൊല്ലം ശൂരനാട് ഷമീര്‍, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ്, കാസര്‍കോട് ചെര്‍ക്കള രഞ്ജിത് , തൃക്കരിപ്പൂര്‍ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന്‍ എബ്രഹാം സാബു, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യ സഹമന്ത്രി കീ‍ർത്തി വർധൻ സിങ് പറഞ്ഞു. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് ചേരും. അതേസമയം, തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്താര മന്ത്രാലയം പറഞ്ഞു. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അപകടത്തിന്റെ കാരണം ഉടൻ കണ്ടെത്തി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ കുവൈത്ത് അമീർ നിർദേശിച്ചു.

സംഭവത്തിൽ കെട്ടിട ഉടമയായ സ്വദേശി പൗരനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ അകബീർ, അഹ്മദി മേഖലാ ഗവർണർമാരും ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സ്ഥാനപതി പറഞ്ഞു. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാന മന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. അപകടത്തിൽ നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കെട്ടിട ഉടമയേയും മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കൂടാതെ രാജ്യത്തെ ബഹുനില മന്ദിരങ്ങളിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.

തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ ബ്ലോക്ക്–4ൽ ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിമിഷ നേരം കൊണ്ട് തീയും പുകയും ആറു നില കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഉറക്കത്തിൽ നിന്നെഴുന്നേറ്റ ചിലർ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. മുറിയിൽ ഇരുട്ടായതിനാൽ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടി. രക്ഷപ്പെടാനായി ബാൽക്കണിയിലൂടെയും ജനലിലൂടെയും പലരും താഴേക്ക് ചാടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ, ജാസിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 195 പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. 20 പേർ നൈറ്റ് ഡ്യൂട്ടി ആയതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരിൽ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങൾക്കായി +965-65505246 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy