രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) മുൻകൂർ അനുമതി വാങ്ങണമെന്ന് അധികൃതർ. സൈക്കോട്രോപിക്, നിയന്ത്രിത, സെമി കൺട്രോൾഡ് മരുന്നുകൾ കൊണ്ടുവരുന്നതിനാണ് അനുമതി നിർബന്ധമുള്ളത്. നിയന്ത്രിതമരുന്നുകൾ ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യണം. അല്ലെങ്കിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നിയന്ത്രണമില്ലാത്ത മരുന്നുകൾ കൊണ്ടുവരുന്നതിന് തടസ്സമില്ല. യുഎഇയിൽ നർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകൾ അംഗീകൃത ആരോഗ്യവിദഗ്ധന്റെ കുറിപ്പടിയില്ലാതെ ലഭിക്കില്ല. അതിനാലാണ് നിയന്ത്രിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും അനുമതി ഏർപ്പെടുത്തിയിരിക്കുന്നത്. മരുന്നുകളുമായി ബന്ധപ്പെട്ട യുഎഇയിലെ നിയമങ്ങൾ അറിയാതെ ഇവിടേക്കെത്തുന്നവർ പലപ്പോഴും വിമാനത്താവളത്തിൽവെച്ച് പിടിക്കപ്പെടുകയും നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്. മരുന്നുകൾ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടോയെന്നും അവ കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ https://u.ae/en#/ എന്ന വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി ഓൺലൈനിലൂടെ അപേക്ഷിക്കാം. യുഎഇ പാസ് ഉപയോഗിച്ച് വെബ്സൈറ്റിലൂടെയാണ് (mohap.gov.ae) അപേക്ഷിക്കേണ്ടത്. സേവനം സൗജന്യമാണ്. അനുമതിക്ക് രണ്ടുമാസം വാലിഡിറ്റിയുണ്ടാകും. ഒരു അനുമതി ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അതായത് ഓരോ തവണ യുഎഇയിലേക്ക് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിനും വെവ്വേറെ അനുമതി വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF