വേനൽശക്തമായതിനെ തുടർന്ന് കഴിഞ്ഞ മാസം മുതലാണ് യുഎഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. സെപ്തംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനും തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12.30 നും 3 മണിക്കും ഇടയിൽ പ്രവർത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽ റഹ്മാൽ അൽ അവാർ പരിശോധന നടത്തി. നിർമാണ സ്ഥലങ്ങളും വിശ്രമ സ്ഥലങ്ങളും പരിശോധിച്ചു. കമ്പനികൾ സ്വീകരിച്ച ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്ന ഏതൊരു കമ്പനിക്കും ഉച്ച ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും 5,000 ദിർഹം പിഴ ചുമത്തും. നിരവധി ജീവനക്കാർ ഉൾപ്പെട്ടാൽ പിഴ 50,000 ദിർഹം വരെയാകാം. ജീവനക്കാർക്കായി മതിയായ കുടിവെള്ളം, ജോലിസ്ഥലത്തെ പ്രഥമശുശ്രൂഷ ഉപകരണങ്ങൾ, തൊഴിലാളികളുടെ സൗകര്യം ഉറപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ എന്നിവയും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ട്രാഫിക് , അടിസ്ഥാന സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ എന്നിവ ഉൾപ്പെടെയുള്ള ചില ജോലികൾ ഫെഡറൽ നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം കമ്പനികൾ, മദ്ധ്യാഹ്ന ഇടവേള ഒഴിവാക്കലിനായി പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്. ഉച്ചവിശ്രമ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ അറിയിക്കണമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.