സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിലേക്ക് പോകുന്നവർക്കും ട്രാവൽ ഏജൻസികൾക്കും മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎഇയിലേക്ക് മതിയായ രേഖകളില്ലാതെ എത്തിയ പലരും വിമാനത്താവളങ്ങളിൽ നിന്ന് തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ട്രാവൽ ഏജൻസികൾക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പല യാത്രികരും പ്രധാനപ്പെട്ട നാല് നിർദേശങ്ങളെ കുറിച്ച് അറിയുന്നില്ലെന്നും ട്രാവൽ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു.
യുഎഇയിലേക്ക് സന്ദർശകവിസയിലോ, ടൂറിസ്റ്റ് വിസയിലോ പോകുന്നവർ പ്രധാനമായും നാല് കാര്യങ്ങളാണ് കരുതേണ്ടത്. യാത്ര ചെയ്യുന്നവർ കൈവശമോ ബാങ്ക് അക്കൗണ്ടിലോ ഏറ്റവും ചുരുങ്ങിയത് 3000 ദിർഹമോ ഇതിന് തുല്യമായ 68,000 രൂപയോ ഉണ്ടായിരിക്കണം. രണ്ടുമാസമാണ് സന്ദർശന കാലാവധിയെങ്കിൽ 5000 ദിർഹമോ തുല്യമായ തുകയോ കയ്യിൽ കരുതിയിരിക്കണം. പാസ്പോർട്ടിന് ആറുമാസത്തിൽ കുറയാത്ത കാലാവധി ഉണ്ടാകണം. യുഎഇയിൽ താമസിക്കാൻ പോകുന്ന താമസ സ്ഥലത്തിന്റെയോ ഹോട്ടലിന്റെയോ വിവരങ്ങൾ നൽകണം. റിട്ടേൺ ടിക്കറ്റും കാണിക്കണം.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന സന്ദർശക, ടൂറിസ്റ്റ് വിസയിലുള്ളവർ മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ ഉറപ്പാക്കണം. രേഖകളോ പണമോ ഇല്ലാത്തതിന്റെ പേരിൽ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്ക്കുന്നവർക്ക് ആവശ്യമായി വരുന്ന നടപടിക്രമങ്ങളുടെ ചെലവ് ഏജൻസികളിൽ നിന്ന് ഈടാക്കുമെന്നും വിമാനക്കമ്പനികളുടെ ഉത്തരവിൽ പറയുന്നു.
ഇവയെല്ലാം ഉറപ്പാക്കേണ്ടത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവൽ ഏജന്റിന്റെ ഉത്തരവാദിത്വമാണ്. രേഖകളോ പണമോ ഇല്ലാതെ എത്തുന്നവരെ വിമാനത്താവളത്തിൽവെച്ച് തിരിച്ചയക്കുമെന്നും നടപടിക്രമങ്ങൾക്ക് ആവശ്യമായ ചെലവ് ട്രാവൽ ഏജൻസികളിൽനിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. സന്ദർശകവിസയിൽ വിനോദസഞ്ചാരത്തിനായി എത്തുന്നവർ സന്ദർശനലക്ഷ്യം ഇമിഗ്രേഷനിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സന്ദർശക വിസയിലെത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq