56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് കണ്ടെത്തിയത്. 1968 ലാണ് ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ വിമാന അപകടം ഉണ്ടായത്. സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അന്ന് കണ്ടെത്തിയത്. തോമസ് ചെറിയാൻ്റെ മൃതദേഹം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടം ഉണ്ടായത്. തോമസ് ചെറിയാൻ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU