വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം; തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍; ഒടുവില്‍ കേസും യാത്രാവിലക്കും

തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍. വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ടിറങ്ങിയ മലയാളികള്‍ക്ക് ധനനഷ്ടം മാത്രമല്ല നിയമപ്രശ്‌നങ്ങളും യാത്രാവിലക്കും ഉണ്ടായി. ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലിയിലൂടെ അധിക വരുമാനം കണ്ടെത്താന്‍ ഇറങ്ങിയവരാണ് കുടുങ്ങിയത്. സാമാന്യം ഭേദപ്പെട്ട ജോലി ചെയ്യുന്ന 4 ചെറുപ്പക്കാരാണ് വഞ്ചിക്കപ്പെട്ടത്. തട്ടിപ്പാണെന്നറിയാതെ ദിവസേന നൂറുകണക്കിന് പേര്‍ ചതിയില്‍ വീഴുന്നതെന്നാണ് സൂചന. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഇന്‍സ്റ്റഗ്രാം വിഡിയോയ്ക്കിടെ കണ്ട ഒരു പരസ്യമാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ആകര്‍ഷിച്ചത്. 10 ഓണ്‍ലൈന്‍ പാര്‍ട് ടൈമേഴ്‌സിനെ ആവശ്യമുണ്ട്. ദിവസേന ശമ്പളം 260-850 ദിര്‍ഹം, പ്രായം 23-58, മുന്‍പരിചയം ആവശ്യമില്ല. ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം എന്നതായിരുന്നു പരസ്യം.
ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശം ചോദിച്ചറിഞ്ഞു. ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണെന്നും വരുന്ന ഫണ്ട് എടുത്ത് ക്രിപ്‌റ്റോ കറന്‍സിയാക്കി അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് തിരിച്ച് അയച്ചുകൊടുക്കുക മാത്രമാണ് ജോലിയെന്നും ഒരു ശതമാനം കമ്മിഷന്‍ ലഭിക്കുമെന്നും വിശദീകരിച്ചു.
ഒരാളുടെ അക്കൗണ്ടില്‍നിന്ന് വന്‍തോതില്‍ തുക വിദേശത്തേക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്ന യുഎഇ നിയമം മറികടക്കാനാണ് പലരുടെയും അക്കൗണ്ടില്‍നിന്ന് അയയ്ക്കുന്നതെന്നും ഇത് നിയമവിധേയമാണെന്നും തട്ടിപ്പുകാര്‍ പറഞ്ഞതില്‍ വിശ്വസിച്ച് ഇറങ്ങിയവരാണ് കുടുങ്ങിയത്.
കാര്യമായ പണിയില്ലാതെ കമ്മിഷന്‍ കിട്ടുന്ന ജോലിയില്‍ മലപ്പുറത്തുകാരന്‍ ആകൃഷ്ടനായി. ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയായതിനാല്‍ സംശയിച്ചില്ല. ആദ്യ ദിവസം അക്കൗണ്ടിലേക്ക് പലരും അയച്ചുകൊടുത്ത തുകയെല്ലാം ചേര്‍ത്ത് 15,000 ദിര്‍ഹം ക്രിപ്‌റ്റോ കറന്‍സിയാക്കി അവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചപ്പോള്‍ കമ്മിഷനായി 150 ദിര്‍ഹം ലഭിച്ചു. അടുത്ത ദിവസവും ഇതു തുടര്‍ന്നു. കാര്യമായ അധ്വാനമില്ലാതെ വട്ടച്ചെലവിനുള്ള തുക ലഭിച്ചതറിഞ്ഞ ഇയാളുടെ മറ്റു 3 സുഹൃത്തുക്കളും പാര്‍ട്ട്ടൈം ജോലിയില്‍ ചേര്‍ന്നു.
കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് എല്ലാവരും. 3 ദിവസത്തിനകം 4 പേരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ 2 ലക്ഷം ദിര്‍ഹം ക്രിപ്‌റ്റൊ കറന്‍സിയാക്കി അയച്ചുകൊടുത്തു. നാലാള്‍ക്കും കൂടി 2000 ദിര്‍ഹം കമ്മിഷനും അക്കൗണ്ടിലെത്തി. എന്നാല്‍ നാലാം ദിവസം ഒരാളുടെ അക്കൗണ്ട് ബ്ലോക്കായി. വൈകാതെ മറ്റു 3 പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചു. തൊട്ടുപിന്നാലെ ഖോര്‍ഫക്കാന്‍ പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിളിയെത്തി. തട്ടിപ്പുകാരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെട്ട ഖോര്‍ഫക്കാനില്‍നിന്നുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയ അക്കൗണ്ട് നമ്പറുകളില്‍ ഈ മലയാളികളുടേതുമുണ്ടായിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസിലെ കണ്ണികളെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ പൊലീസ് പിടികൂടി. ആദ്യം ജയിലില്‍ അടച്ചെങ്കിലും തട്ടിപ്പാണെന്ന് അറിയാതെ കുടുങ്ങിയതാണെന്ന് മനസ്സിലാക്കിയതോടെ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍ കേസ് തീരുന്നതുവരെ ഇവര്‍ക്ക് യാത്രാവിലക്കുണ്ട്. അക്കൗണ്ടിലേക്ക് പണം അയച്ച മുഴുവന്‍ പേരും പരാതി നല്‍കിയാല്‍ എല്ലാ കേസുകളിലും വിവിധ കോടതികളില്‍ ഹാജരായി കേസില്‍ വിധിയായി പിഴയടച്ച് വിടുതല്‍ നേടിയാല്‍ മാത്രമേ ഇനി ഇവര്‍ക്ക് നാട്ടിലെത്താനാകൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy