യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിൽ 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ് (എക്സിറ്റ് പാസ്) അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ പുതിയ ജോലി കണ്ടെത്തിയ 600 പേർക്ക് താത്കാലിക പാസ്പോർട്ട് അനുവദിക്കുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സർക്കാർ ഈ മാസം ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്ന പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കും. പദ്ധതിയുടെ കാലാവധി പകുതി പിന്നിട്ടിരിക്കുകയാണ്. ഇനിയും ഇന്ത്യൻ അപേക്ഷകരുടെ എണ്ണം കൂടാനാണ് സാധ്യത. പൊതുമാപ്പിനായി എത്തുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ മികച്ച സേവനമാണ് നൽകിവരുന്നു. നാല് തരത്തിലുള്ള സേവനമാണ് നൽകുന്നത്. അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിനായുള്ള കൗണ്ടറിലെത്തുമ്പോൾ മാർഗ നിർദേശങ്ങൾ നൽകുന്നതാണ് ആദ്യ ഘട്ടം. വിസാ കാലാവധി കഴിഞ്ഞ് നിൽക്കുന്നവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവർക്കും നാട്ടിലേയ്ക്ക് മടങ്ങോൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകുന്നതടക്കമുള്ള സഹായം നൽകുന്നു. പുതിയ ജോലി ലഭിച്ച് പദവി ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആമർ സെൻ്ററുകളെ സമീപിക്കാനുള്ള മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. സർക്കാർ ഫീസുകളല്ലാതെ കോൺസുലേറ്റ് മറ്റ് യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും സതീശ് കുമാർ ശിവ വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി പദവി നിയമപരമാക്കാനും അവസരം നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU