ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് വീണ്ടും വേദിയായി രാജ്യം. നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് നാല് ദിവസത്തെ ഷോ സംഘടിപ്പിക്കുന്നത്. അബുദാബിയിൽ ജനുവരി 9, 11, 12, 14 തീയതികളിലാണ് പരിപാടി നടക്കുക. ഒരു ഷോയിൽ പ്രവേശനം ലഭിക്കുക 44600 പേർക്കാണ്. ആദ്യം ഒരു ദിവസത്തെ പരിപാടിയാണ് പ്ലാൻ ചെയ്തതെങ്കിലും ടിക്കറ്റിന് ആവശ്യക്കാർ ഏറിയതോടെയാണ് ഒരേ വേദിയിൽ 4 തവണ പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യ 3 ഷോയ്ക്ക് ടിക്കറ്റ് വിൽപന ആരംഭിച്ചപ്പോൾ തന്നെ തീർന്നു. 7 മണിക്കൂർ വരെ വരിയിൽ കാത്തുനിന്നു നിരാശരായി ആരാധകർ മടങ്ങി. നാലാമത്തെ ഷോയുടെ ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ല. ഡേറ്റ് ഉടൻ പ്രഖ്യാപിക്കും. ഇൻഫിനിറ്റി ടിക്കറ്റിന് 81.78 ദിർഹം, സ്റ്റാൻഡേഡ് സിറ്റിങ്ങിന് 195, ജനറൽ അഡ്മിഷൻ സ്റ്റാൻഡിങ്ങിന് 295, ബ്രോൺസ് 395, സിൽവർ 495, ഗോൾഡ് 595, റൂബി 695, പ്രീമിയം 995, ഡീലക്സ് 1495 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ എന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരിഞ്ചന്തയിലെ ടിക്കറ്റുകൾ സ്റ്റേഡിയത്തിലെ എൻട്രികളിൽ സ്വീകരിക്കുമെന്ന് ഉറപ്പില്ലെന്നും സംഘാടകർ അറിയിച്ചു. ടിക്കറ്റ് നേരത്തെ സ്വന്തമാക്കിയവർ 200 ഇരട്ടി വരെ വില കൂട്ടിയാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU