യുഎഇയിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാണ്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. നിലവിലെ ഇൻഷുറൻസ് സ്കീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ ജനുവരിയിൽ രാജ്യവ്യാപകമായി നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയമാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പിഴ ഒഴിവാക്കുന്നതിനായി യോഗ്യരായ എല്ലാ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സാമ്പത്തികമായ സുരക്ഷയുടെ ഗുണങ്ങൾ നേടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. തൊഴിലാളികൾക്ക് താങ്ങാനാവുന്ന രീതിയിലാണ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ടാൽ നിശ്ചിത കാലാവധി വരെ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യും. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹം വെച്ച് വർഷത്തിൽ പരമാവധി 60 ദിർഹമാണ് പ്രീമിയം തുക. ഇവർക്ക് 10,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികൾക്ക് പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 10 ദിർഹമാണ്. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ 20,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. തുടർച്ചയായി 12 മാസം പദ്ധതിയിൽ അംഗമായവർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. റെസിഡൻസി പെർമിറ്റ് റദ്ദാക്കുകയോ രാജ്യം വിടുകയോ പുതിയ ജോലി ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടമാകും. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനകം ഇൻഷുറൻസ് ആനുകൂല്യത്തിന് അപേക്ഷ നൽകണം. സ്വന്തമായി ബിസിനസ് നടത്തുന്നവർ, ഗാർഹിക തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ളവർ, റിട്ടയറായ ശേഷം പുതിയ ജോലി ചെയ്യുന്നവർ എന്നിവരെ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU