കുവൈറ്റിൽ ആർട്ടിക്കിൾ 18 നമ്പറിലുള്ള റെസിഡൻസി പെർമിറ്റ് ഉള്ള (ഷൂൺ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം റദ്ദാക്കിയത്. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ്. ഒരു മാസം മുമ്പാണ് ഷൂൺ വിസകൾ ഉള്ളവർക്ക് സ്വകാര്യ കമ്പിനികളിലെ പങ്കാളിത്തം നൽകി വന്നിരുന്നതിന് വാണിജ്യ – വ്യവസായ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്.
ഒരേ സമയം കമ്പനി ഉടമകളായും അതെ കമ്പനികളിൽ തന്നെ ജീവനക്കാരനുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിഷയത്തിൽ നിന്ന് പിന്മാറണമെന്ന് വിവിധകോണുകളിൽ നിന്ന് സമ്മർദ്ദമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി വരുന്നത് വരെ മുൻ സ്ഥിതി തുടരാൻ ഇപ്പോൾ തീരുമാനിച്ചത്. ഈ ആഴ്ച അവസാനത്തോടെ നിലവിൽ ഏർപ്പെടുത്തിയ വിലക്ക് മാറും. ആർട്ടിക്കിൾ 19 ൽ (വ്യാപാര-വ്യവസായ വിസകൾ) ഉൾപ്പെടുന്നവർക്കും പ്രസ്തുത ആനുകൂല്യം ബാധകമാണ്. എന്നാൽ, ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ) ആർട്ടിക്കിൾ 22 (കുടുംബവീസകൾ)ആർട്ടിക്കിൾ 24 (സ്വയം സ്‌പോൺസർഷിപ്പുള്ളവർ) എന്നീ ഗണത്തിൽ ഉൾപ്പെട്ടവർക്ക് ഇത് ബാധകമല്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF