കഴിഞ്ഞ വർഷം പർവതാരോഹണത്തിനിടെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം വീണ്ടെടുത്ത് യുവതി. 8200 മീറ്റർ ഉയരമുള്ള കെ2 കൊടുമുടിയിൽ നിന്ന് പർവതാരോഹകൻ മുഹമ്മദ് ഹസൻ ഷിഗ്രിയുടെ മൃതദേഹം ദുബായ് ആസ്ഥാനമായുള്ള പർവതാരോഹക നൈല കിയാനിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് വീണ്ടെടുത്തത്. മൃതദേഹം കണ്ടെത്തുന്നതിനും അത് ക്യാംപിലേക്ക് എത്തിക്കുന്നതിനും സംഘത്തിന് മൂന്ന് ദിവസം വേണ്ടിവന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതശിഖരത്തിൽ നടത്തിയ ഏറ്റവും വലിയ വീണ്ടെടുക്കലായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം പർവതാരോഹണത്തിനിടെയായിരുന്നു മുഹമ്മദ് ഹസൻ മരിച്ചത്. അസുഖബാധിതനായ മുഹമ്മദിനെ മറ്റുള്ളവർ അവഗണിച്ചെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. അതേസമയം, കൊടുമുടി കയറാനുള്ള മുൻപരിചയമോ മതിയായ തയ്യാറെടുപ്പുകളോ മുഹമ്മദിനുണ്ടായിരുന്നില്ലെന്നും പറയുന്നു. യുഎഇയിലെ മഷ്‌റഖ് ബാങ്കിന്‍റെ പിന്തുണയോടെ ആരംഭിച്ച കെ2 ക്ലീൻ-അപ് പ്രോജക്ട് ആരംഭിക്കുന്നതിനിടെയാണ് മുഹമ്മദ് ഹസന്‍റെ കുടുംബം നൈല കിയാനിയെ സമീപിച്ചത്. അധികൃതർ അനുമതി നൽകിയതോടെയാണ് നൈലയും സംഘവും പ്രവർത്തനം നടത്തിയത്. ഒരു വർഷമായി മഞ്ഞിൽ പുതഞ്ഞുകിടന്ന മൃതദേഹം വീണ്ടെടുക്കുന്നത് ദുഷ്കരമായ ദൗത്യമായിരുന്നു. കഠിനമായ കാലാവസ്ഥയും അപകടകരമായ ഭൂപ്രകൃതിയും ഏറെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച കുഴിച്ചെടുത്ത മൃതദേഹം ബുധനാഴ്ചയാണ് അഡ്വാൻസ്‌ഡ് ബേസ് ക്യാംപിൽ എത്തിച്ചത്. മൃതദേഹം സംസ്കരിക്കുമെന്ന് ദൗത്യസംഘം വ്യക്തമാക്കി. ദുബായിലെ താമസക്കാരിയായ നൈല കിയാനി ഈ വർഷം മേയിൽ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 8,485 മീറ്റർ ഉയരമുള്ള മകാലുവിലെത്തി നേട്ടം സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 പർവതങ്ങളിൽ 11–ാമത്തേതായ 8,000-ത്തിലേറെ മീറ്റർ ഉയരമുള്ള പർവതം കീഴടക്കിയ ആദ്യത്തെ പാക്കിസ്ഥാൻ വനിതയുമാണ്. ഇമ്രാൻ അലിയുടെ ലോജിസ്റ്റിക്കൽ പിന്തുണയും ഷിഗാർ ഡപ്യൂട്ടി കമ്മീഷണർ വാലി ഉല്ലാ ഫല്ലാഹിയുടെ സഹകരണവും ദൗത്യത്തിൽ മുഖ്യ പങ്ക് വഹിച്ചെന്ന് നൈല പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9