ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ പ്രവാസികളായ മലയാളികൾക്ക് ഇനി സൗജന്യമായി നിയമസഹായം ലഭ്യമാക്കാം. നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമിൽ തോമസ് പിഎം, കുവൈറ്റിൽ രാജേഷ് സാഗർ, യു.എ.ഇ അബുദാബിയിൽ സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാർജ മേഖലയിൽ മനു. ജി, അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചത്. ജിസിസി രാജ്യങ്ങളിൽ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനുള്ള ശ്രമത്തിലാണെന്ന് നോർക്ക-റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ അറിയാത്തത് മൂലവും തന്റേതല്ലാത്ത കാരണത്താലും നിയമകുരുക്കിൽ പെടുന്നവർക്ക് സഹായമെത്തിക്കാനാണ് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി പദ്ധതി നടപ്പാക്കുന്നത്. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാകും. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് www.norkaroots.org പരിശോധിക്കാവുന്നതാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9