ഒമാനിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പിൽ മരിച്ച ഇന്ത്യൻ പൗരനായ ബാഷ ജാൻ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സന്ദർശിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും കുടുംബത്തിന് പിന്തുണ നൽകുമെന്നും അംബാസഡർ പറഞ്ഞു. സംഭവത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റിരുന്നു. ഖൗല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരെയും എംബസി അധികൃതർ സന്ദർശിച്ചു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളായ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഒമാനി സുരക്ഷാ ഏജൻസികൾ സ്വീകരിച്ച നടപടികളെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പ് സംഭവത്തെ ഒമാൻ ശൂറ കൗൺസിൽ അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരമുള്ള സംഭവം ഒമാൻ മണ്ണിൽ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ശൂറ കൗൺസിൽ വ്യക്തമാക്കി. വെടിവയ്പ്പിൽ മരിച്ച മൂന്ന് അക്രമികൾക്ക് പാകിസ്താനുമായി ബന്ധമില്ലെന്ന് ഒമാനിലെ പാക്കിസ്ഥാൻ അംബാസഡർ ഇമ്രാൻ അലി പറഞ്ഞു. മരിച്ച പാക് സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9