യുഎഇയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സാണ് ക്ലിനിക്ക് സേവനം ആരംഭിച്ചത്. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്കും എയർപോർട്ട് ജീവനക്കാർക്കും മികച്ച വൈദ്യസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. എയർപോർട്ടിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി എന്നിവർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലിനിക്ക് സഹായകരമാകും. ഒക്കുപേഷനൽ-പ്രിവന്റീവ് കെയർ, ഹെൽത്ത് സ്ക്രീനിങ്ങുകൾ, ഇസിജി സേവനങ്ങൾ, ഇൻഫ്യൂഷനുകൾ, കുത്തിവയ്പ്പുകൾ, സ്ത്രീകൾക്കുള്ള കൺസൾറ്റഷനുകൾ എന്നീ സൗകര്യങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്. കൂടാതെ പേഷ്യന്റ് ഒബ്സർവേഷൻ റൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതു ആരോഗ്യ സേവങ്ങൾക്ക് പുറമെ വാക്സിനേഷൻ സഹായവും ഇവിടെ ലഭ്യമാണ്. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവർ യാത്രക്കാർക്കും ക്ലിനിക്കിൽ നിന്ന് സേവനങ്ങൾ ലഭ്യമാക്കാം. പ്രതിവർഷം ഏകദേശം 45 ദശലക്ഷം യാത്രക്കാരെയാണ് എയർപോർട്ട് സ്വാഗതം ചെയ്യുന്നത്. യാത്രയ്ക്കിടയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ നിന്ന് ലഭ്യമാക്കാം. കൂടാതെ കൂടുതൽ സങ്കീർണമായ കേസുകൾ ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ബുർജീലിന്റെ മറ്റു ആശുപത്രികളിലേക് റഫർ ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9