യുഎഇയിൽ ഇന്ത്യൻ രൂപയിൽ ഇടപാടുകൾ നടത്താൻ ആരംഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെല്ലാം പ്രതീക്ഷയിലാണ്. ദുബായ് ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ ഇന്ത്യക്കാർക്ക് ഫോൺപേയിലൂടെ ഇടപാടുകൾ നടത്താം. മഷ്രിഖ് നിയോപേ കൗണ്ടറുകളിലൂടെയാണ് ഇത് സാധ്യമാവുക. പണമിടപാടുകൾ ഇന്ത്യൻ രൂപയിലാകുന്നതോടെ ബിസിനസ് സാധ്യതകൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് സ്ഥാപനങ്ങൾക്കുമുള്ളത്. യുഎഇയിൽ 35 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യക്കാർ തന്നെ. അതിനാൽ ബിസിനസ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിൽ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാർക്ക് സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങളും മറ്റ് വസ്തുക്കളും വാങ്ങാൻ പുതിയ ഇടപാടുരീതി ഏറെ സഹായകമാകും. സ്വർണത്തിന് ഇന്ത്യയെ അപേക്ഷിച്ച് നികുതി,വില ഉൾപ്പെടെയുള്ളവയിലെ മാറ്റങ്ങൾ നിരവധി പേരെ യുഎഇയിൽ നിന്ന് സ്വർണമെടുക്കാൻ പ്രേരിപ്പിക്കാറുണ്ട്. ഇന്ത്യൻ രൂപ ദിർഹത്തിലേക്ക് മാറ്റാതെ രൂപയിൽ തന്നെ ഇടപാട് നടത്താമെന്ന ഈ സംവിധാനം ഏറെ പ്രയോജനമാകും. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വലിയ വിപണി കൂടിയാണ് യുഎഇയിലേത്. ഇന്ത്യയെ അപേക്ഷിച്ച് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വിലക്കുറവ് ഉള്ളത് സന്ദർശകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനങ്ങൾ. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചെറുകിട വിപണികളിലെല്ലാം രൂപയിൽ ഇടപാട് നടത്താൻ സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9