എം ടി വാസുദേവൻ നായർ എഴുതിയ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം മനോരഥങ്ങളുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ സംഗീതജ്ഞൻ രമേഷ് നാരായൺ സിനിമാതാരം ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വ്യാപകമായ വിമർശനം ഉയർത്തുകയാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രമുഖ സംഗീതജ്ഞൻ രമേഷ് നാരായൺ ആണ്. ചടങ്ങിൽ അദ്ദേഹത്തിന് പുരസ്കാരം നൽകാൻ നടൻ ആസിഫ് അലിയെ അവതാരക ക്ഷണിച്ചു. ആസിഫ് അലി രമേഷ് നാരായണ് പുരസ്കാരം നൽകുകയും ചെയ്തു. എന്നാൽ യാതൊരു വിധ താത്പര്യവുമില്ലാതെയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെയും ഹസ്തദാനം നൽകാതെയുമാണ് രമേഷ് നാരായൺ പുരസ്കാരം വാങ്ങുന്നത്. തൊട്ടുപിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ജയരാജിനെ വിളിച്ച് അദ്ദേഹത്തിന് പുരസ്കാരം നൽകി, ജനാഭിമുഖമായി ഔദ്യോഗികമായി വീണ്ടും പുരസ്കാരം വാങ്ങിക്കുകയാണ് രമേഷ് നാരായൺ ചെയ്തത്. ഇത് ചലച്ചിത്ര താരം ആസിഫ് അലിയെ അപമാനിക്കുന്നതാണെന്ന് പൊതുവെ വിമർശനം ഉയർന്നിട്ടുണ്ട്. സംഗീതജ്ഞന്റേത് തീർത്തും മോശമായ നിലപാടാണെന്നും പലരും അഭിപ്രായപ്പെട്ടു. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ട്രെയ്ലർ ലോഞ്ച് നടന്നത്. ആന്തോളജി ചിത്രമായ മനോരഥങ്ങളിൽ മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. സീരീസിലെ ഓരോ ചിത്രവും ഒടിടിയിൽ കാണാം. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9