18 ബില്യൺ ദിർഹത്തിൻ്റെ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ പ്രവൃത്തി ഈ വർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം 200,000 യാത്രക്കാർക്ക് സേവനം ലഭ്യമാകും. 2040 ഓടെ 320,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 30 കിലോമീറ്ററിലധികം നീളത്തിൽ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ. അതിൽ അഞ്ചെണ്ണം ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. നഗരത്തിലെ ഒമ്പത് സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതായിരിക്കും ബ്ലൂ ലൈൻ സേവനങ്ങൾ. സെൻ്റർപോയിൻ്റ് സ്റ്റേഷനിലെ റെഡ് ലൈനിലും അൽ ഖോർ സ്റ്റേഷനിലെ ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കുകയും ചെയ്യും. മാർസ, ദുബായ് ക്രീക്ക്, ഫെസ്റ്റിവൽ സിറ്റി, ഇൻ്റർനാഷണൽ സിറ്റി, അൽ റാഷിദിയ, അൽ വർഖ, മിർദിഫ്, കൂടാതെ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ നഗരപ്രദേശങ്ങളും ഉൾപ്പെടും. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040 പ്രകാരം ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ ജനസംഖ്യാ വളർച്ചയെ നേരിടാൻ ഉതകുന്ന, ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 3 ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഈ പ്രോജക്റ്റ് ഉൾക്കൊള്ളുന്നുണ്ടെന്ന് ആർടിഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ ഹിസ് എക്സലൻസി മാറ്റർ അൽ തായർ പറഞ്ഞു. 2023ലാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9