Posted By saritha Posted On

സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നില്ല, വലഞ്ഞ് യാത്രക്കാര്‍

Air India Express Scheduled ദുബായ്: കൃത്യസമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാതിരുന്നതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ദുബായിൽ നിന്ന് ഇന്നലെ (ജൂലൈ 18) രാവിലെ ഒന്‍പത് മണിയ്ക്ക് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂയെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറ് മൂലം ഇന്നലെ രാവിലെ മൂന്ന് മണിക്കൂറിലേറെ യാത്രക്കാർ വിമാനത്തിനകത്ത് കനത്ത ചൂട് സഹിച്ച് ദുരിതത്തിലായിരുന്നു. പിന്നീട്, യാത്രക്കാർ ബഹളം വച്ചതോടെ തിരിച്ച് വിമാനത്താവളത്തിൽ പ്രവേശിക്കുകയും ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. എന്നാൽ, ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകേണ്ടിയിരുന്ന സ്വദേശിയടക്കം അഞ്ച് യാത്രക്കാർ ടിക്കറ്റ് കാൻസൽ ചെയ്തു മടങ്ങി. ഇതിൽ രണ്ട് പേർ പിതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകുന്നവരായിരുന്നു. അത്യാവശ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയ താൻ മറ്റേതെങ്കിലും വിമാനത്തിൽ പോകാനാണ് പദ്ധതിയെന്ന് ഇവരിലൊരാളായ കോഴിക്കോട് സ്വദേശിനി സറീന പറഞ്ഞു. ഇന്നലെ രാവിലെ 8.30 ന് തന്നെ കൃത്യമായി യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പിന്നീട് വിമാനം റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും ഉടൻ തന്നെ പഴയ സ്ഥലത്ത് കൊണ്ടുവന്നുനിർത്തി. ചൂട് സഹിക്കാതെ കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ വിമാന അധികൃതരോട് കാര്യമന്വേഷിച്ചു. എയർ കണ്ടീഷണറിന് സാങ്കേതിക പ്രശ്നമുണ്ടെന്നും പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി. വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ പഴയത് പോലെ ആവർത്തിക്കുകയുമായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് അധികൃതർ ആദ്യം പ്രതികരിച്ചിരുന്നില്ല. മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇടപെടുകയും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കുകയുമായിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് അധികൃതർ കൃത്യമായി മറുപടി നൽകാതിരുന്നതിനാൽ യാത്രക്കാർ വീണ്ടും ബഹളം വയ്ക്കുകയും പ്രശ്നത്തിൽ എയർപോർട്ട് പോലീസ് ഇടപെടുകയും ചെയ്തു. തുടർന്ന്, യാത്രക്കാർക്ക് എയർപോർട്ട് ഹോട്ടലിൽ താമസ സൗകര്യവും അനുവദിച്ചു. ഭക്ഷണം നൽകാനും തയ്യാറായി. പിന്നീട് വിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും അപ്പോഴേയ്ക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് പുലർച്ചെയിലേക്ക് യാത്ര മാറ്റിവച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *