Work will just be fun; ജീവിക്കാൻ വേണ്ടി മനുഷ്യർ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ അവസാനിക്കുമെന്ന് ടെക് ലോകത്തെ അതികായൻ ഇലോൺ മസ്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) റോബോട്ടിക്സും വികസിക്കുന്നതോടെ തൊഴിൽ എന്നത് മനുഷ്യന്റെ നിർബന്ധിത ആവശ്യമല്ലാതായി മാറുമെന്നാണ് മസ്കിന്റെ നിരീക്ഷണം. സെറോധ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മസ്ക് ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ, ചിലപ്പോൾ 15 വർഷത്തിനുള്ളിൽ തന്നെ ഈ മാറ്റം സംഭവിച്ചേക്കാം. എഐ സാങ്കേതികവിദ്യയുടെയും റോബോട്ടിക്സിന്റെയും വളർച്ച അത്രത്തോളം വേഗത്തിലാണെന്നും മസ്ക് ചൂണ്ടിക്കാട്ടി. ഭാവിയിൽ സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്നത് റോബോട്ടുകളും എഐയും ചേർന്നായിരിക്കും. മനുഷ്യൻ ആഗ്രഹിക്കുന്നതെന്തും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരവസ്ഥ സംജാതമാകും. ഇതോടെ ജോലി എന്നത് കേവലം ഒരു ‘ഓപ്ഷൻ’ മാത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറി കൃഷി പോലൊരു ഹോബി
ഭാവിയിലെ തൊഴിലിനെ വീട്ടു വളപ്പിലെ പച്ചക്കറി കൃഷിയോടാണ് മസ്ക് താരതമ്യം ചെയ്തത്. നമുക്ക് വേണമെങ്കിൽ കടയിൽ പോയി പച്ചക്കറി വാങ്ങാം. അതല്ലെങ്കിൽ സ്വന്തമായി വീട്ടിൽ നട്ടു വളർത്താം. സ്വന്തമായി കൃഷി ചെയ്യുന്നത് അൽപ്പം കഷ്ടപ്പാടുള്ള കാര്യമാണെങ്കിലും, ചിലർ ഇഷ്ടം കൊണ്ട് അത് ചെയ്യുന്നുണ്ട്. സമാനമായ രീതിയിലായിരിക്കും ഭാവിയിൽ ജോലിയും. ഉപജീവനത്തിനല്ല, മറിച്ച് മാനസിക സംതൃപ്തിക്കോ വിനോദത്തിനോ വേണ്ടി മാത്രം ഇഷ്ടമുള്ളവർക്ക് ജോലി ചെയ്യാം, മസ്ക് വ്യക്തമാക്കി. നിർമിത ബുദ്ധി തൊഴിൽ വിപണിയിൽ സൃഷ്ടിക്കാൻ പോകുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും സജീവമായിരിക്കെയാണ് ഇലോൺ മസ്കിന്റെ ഈ നിരീക്ഷണം എന്നത് ശ്രദ്ധേയമാണ്. 20 വർഷത്തിന് ശേഷം ആളുകൾക്ക് തന്റെ ഈ പ്രവചനം പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.