
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും കേസ്; ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
sharjah vipanchika death ഷാർജ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചിക മണിയന്റെ(33)യും ഒന്നര വയസുകാരിയായ മകൾ വൈഭവിയുടെയും കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. കേരള ക്രൈംബ്രാഞ്ച് പോലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിക്കാനാണ് നീക്കം. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായിരുന്ന നിതീഷ് ഇപ്പോഴും യുഎഇയിൽ തന്നെയാണുള്ളത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്മെന്റിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക, വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഷാർജയിലെ ഫൊറൻസിക് റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയും അമ്മ തൂങ്ങിമരിച്ചുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. നിതീഷ് മറ്റൊരു സ്ഥലത്തായിരുന്നു താമസം. ജബൽ അലി ശ്മശാനത്തിലായിരുന്നു കുഞ്ഞിന്‍റെ സംസ്കാരം. വിപഞ്ചികയുടെ മൃതദേഹം അവരുടെ കുടുംബം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പോലീസിന്റെ തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതീഷിനും അയാളുടെ അച്ഛനും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിപഞ്ചികയുടെ വീട്ടുജോലിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം.
Comments (0)