Posted By saritha Posted On

‘അമ്മയുടെ ചികിത്സയ്ക്കായുള്ള പണവും നഷ്ടപ്പെട്ടു’, എല്ലാ കുറ്റവും ജീവനക്കാരുടെ തലയിലിട്ട് ‘തിരുവനന്തപുരം സഹോദരന്മാര്‍’, ഇരകളായി നിരവധി മലയാളികള്‍

Job Fraud ദുബായ്: മൈഗ്രേഷൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുകയും മലയാളി യുവതികളടക്കമുള്ള ജീവനക്കാരെ കുറ്റക്കാരാക്കി സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ ഇരകളായി മലയാളികള്‍ രംഗത്ത്. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരും ആന്ധ്രാപ്രദേശുകാരായ മാതാപിതാക്കളും മകളുമടങ്ങുന്ന കുടുംബവും ചേർന്ന് ദുബായ് ദെയ്റ സലാഹുദ്ദീൻ സ്ട്രീറ്റിൽ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെയാണ് മലയാളി യുവതികളടക്കമുള്ള ഇരകൾ രംഗത്തെത്തിയത്. സ്​ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ഇറ്റലി, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പായ്ക്കിങ്, വെയർഹൗസ് ഹെൽപ്പർ തുടങ്ങിയ അവിദഗ്ധ ജോലികൾക്കായി വിസയും വർക് പെർമിറ്റും വാഗ്ദാനം ചെയ്ത് ഒരോരുത്തരിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. വാഗ്ദാനം പാലിക്കാതെ തട്ടിപ്പ് നടത്തുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം അത് അവഗണിക്കുകയായിരുന്നു. നാട്ടിൽ നിന്ന് ദുബായിലെത്തി ഇവർക്കെതിരെ ദുബായ് പോലീസിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇരകൾ. എറണാകുളം സ്വദേശി അഞ്ജുവും ഭർത്താവ് സൂരജും ‘സ്​ലൊവാക്യയിൽ ജോലി’ എന്ന പരസ്യം കണ്ടാണ് ലിനാക് മൈഗ്രേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമകളും തിരുവനന്തപുരം സ്വദേശികളുമായ സഹോദരന്മാർക്ക് രണ്ടര ലക്ഷം രൂപ വീതം നൽകിയത്. വൈകാതെ വർക് പെർമിറ്റ് ലഭിക്കുമെന്നായിരുന്നു ഇവർ അഞ്ജുവിനോടും സൂരജിനോടും പറഞ്ഞിരുന്നത്. എന്നാൽ, 2024 ജൂലൈ 19ന് വിസയ്ക്ക് വേണ്ടി പണം നൽകിയ ശേഷം വ്യാജ പെർമിറ്റ് നൽകി പറ്റിക്കാൻ ശ്രമിച്ചതായി അഞ്ജു പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അമ്മയുടെ ശസ്ത്രക്രിയക്കായി കഠിനാധ്വാനം ചെയ്ത് സ്വരൂപിച്ച പണവും തന്റെ സ്വർണാഭരണങ്ങൾ പണയം വച്ചുള്ള തുകയുമാണ് ജോലിക്കായി ലിനാകിന് നൽകിയത്. ഇടുക്കി സ്വദേശിനി ജോമോൾ ചെക്ക് റിപ്പബ്ലിക്കിൽ ജോലിക്ക് വേണ്ടി ലിനാക് മൈഗ്രേഷന് 2,35,000 രൂപ നൽകിയാണ് പറ്റിക്കപ്പെട്ടത്. 2024 സെപ്റ്റംബർ 30നായിരുന്നു കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. രണ്ട് മാസത്തിനകം വർക് പെർമിറ്റ് ലഭിക്കുമെന്നും പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയാണ് ശമ്പളമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ, സൗജന്യ താമസ സൗകര്യവും ജോലിസമയത്ത് ഭക്ഷണം ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ മാസങ്ങളോളം കാത്തിരുന്നിട്ടും തുടർ നടപടി ഉണ്ടായില്ല. പിന്നാലെ, ജീവനക്കാരെ ഇരകൾക്ക് മുന്നിലിട്ട് അപകീർത്തിപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. മലയാളികളടക്കമുള്ള ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ശേഷം എല്ലാ കുറ്റവും ജീവനക്കാരായ കൊല്ലം സ്വദേശികളായ സൗമ്യ, വിശാഖ്, തൃശൂർ സ്വദേശി ജെസീന, ചിഞ്ചില എന്നിവരുടെ തലയിൽ കെട്ടിവച്ച് സമൂഹമാധ്യമത്തിൽ ഫോട്ടോയടക്കം പോസ്റ്റ് ചെയ്ത് അവരെ അപകീർത്തിപ്പെടുത്തുകയുമായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ പഴി കേൾക്കേണ്ടിവരുന്ന ഇവർ ഇതിനകം ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാരാണ് പണം തട്ടിയെടുത്ത് മുങ്ങിയതെന്ന് പറഞ്ഞ് തിരുവനന്തപുരം സഹോദരന്മാർ തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ഇരകൾ പറഞ്ഞു. എന്നാൽ, സത്യം തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാവരും പണം തിരിച്ചുകിട്ടിയില്ലെങ്കിൽ തട്ടിപ്പുകാർക്കെതിരെ നിയമത്തെ സമീപിക്കാൻ തീരുമാനിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *