
അഹമ്മദാബാദ് വിമാനാപകടം: നിർത്തിവച്ച വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ എയർ ഇന്ത്യ
Air India ദുബായ് /ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഭാഗികമായി പുനഃരാരംഭിക്കുന്നത്. ജൂൺ 12ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചിരുന്നു. ബോയിങ് 787 വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധനകൾ നടത്താനും പാകിസ്ഥാൻ, മധ്യപൂർവദേശ വ്യോമാതിർത്തി അടച്ചതുമൂലം വർധിച്ച യാത്രാ സമയം ക്രമീകരിക്കാനുമായിരുന്നു സേഫ്റ്റി പോസ് പ്രഖ്യാപിച്ചത്. ഒക്ടോബർ 1 ഓടെ പൂർണമായ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക്ക് സർവീസിന് പകരമായി ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബർ 30 വരെ അഹമ്മദാബാദ് – ലണ്ടൻ ഹീത്രൂ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ഡൽഹി – ലണ്ടൻ ഹീത്രൂ, ഡൽഹി – സൂറിക്, ഡൽഹി – ടോക്കിയോ (ഹനേഡ), ഡൽഹി – സോൾ (ഇഞ്ചിയോൺ) തുടങ്ങിയ റൂട്ടുകളിൽ സർവീസുകൾ പുനഃസ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതേസമയം, ബെംഗളൂരു – ലണ്ടൻ ഹീത്രൂ, അമൃത്സർ – ബർമിങ്ങാം, ഡൽഹി – പാരിസ്, ഡൽഹി – മിലാൻ, ഡൽഹി – കോപ്പൻഹേഗൻ, ഡൽഹി – വിയന്ന, ഡൽഹി – ആംസ്റ്റർഡാം, വിവിധ വടക്കേ അമേരിക്കൻ റൂട്ടുകൾ, ഓസ്‌ട്രേലിയൻ റൂട്ടുകൾ എന്നിവിടങ്ങളിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. അമൃത്സർ-ലണ്ടൻ (ഗാറ്റ്വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്വിക്ക്), ബെംഗളൂരു-സിംഗപ്പൂർ, പൂനെ-സിംഗപ്പൂർ തുടങ്ങിയ ചില റൂട്ടുകൾ സെപ്തംബര്‍ 30 വരെ താത്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് ഒന്നിനും സെപ്തംബർ 30 നും ഇടയിൽ ആദ്യം ഷെഡ്യൂൾ ചെയ്ത ചില സർവീസുകൾ റദ്ദാക്കപ്പെടുമെന്നും ഇത് ബാധിക്കുന്ന യാത്രക്കാരെ റീബുക്കിങ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾക്കായി ബന്ധപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഭാഗികമായ ഈ പുനഃസ്ഥാപനത്തോടെ, എയർ ഇന്ത്യ ആഴ്ചയിൽ 63 റൂട്ടുകളിലായി 525-ലേറെ രാജ്യാന്തര വിമാന സർവീസുകൾ നടത്തും.
Comments (0)