UAE Business Investment ദുബായ്: യുഎഇയില്‍ ഒരു ബിസിനസ് അല്ലെങ്കില്‍ നിക്ഷേപം എന്ന സ്വപ്നം കണ്ട് നടക്കുന്നത് നിരവധി പേരാണ്. ഇതിനായി വിവിധ രാജ്യങ്ങളില്‍നിന്ന് യുഎഇയില്‍ ഒട്ടേറെ പേരാണ് എത്തുന്നത്. അതില്‍ എടുത്തുപറയേണ്ടത് മലയാളികളെയാണ്. യുഎഇയില്‍ സംരംഭവും നിക്ഷേപവും തുടങ്ങുന്നതിന് മുന്‍പ് അവ ഏത് തരത്തിലുള്ളതാണെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കണമെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് പറഞ്ഞു. റിയൽ എസ്റ്റേറ്റ്- യുഎഇയിലെ ഏഴ് എമിറേറ്റുകളിലും യുഎഇയിലുള്ളവർക്കും പുറത്തുള്ളവർക്കും വാങ്ങാൻ സാധിക്കുന്ന രീതിയിൽ ഭൂമി, ഫ്ലാറ്റ്, വില്ലകൾ, ഷോപ്പിങ് കോംപ്ലക്സ്, ഫാമുകൾ എന്നിവ ലഭ്യമാണ്, പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നിക്ഷേപം- ലുലു, സാലിക് മുതലായ വൻകിട കമ്പനികളുടെ ഐപിഒ വാങ്ങുന്നത് മികച്ച നിക്ഷേപങ്ങളിലൊന്നാണ്, കമ്പനികളിലുള്ള നിക്ഷേപം, ബോണ്ടുകളിലെ നിക്ഷേപം- എഡിസിബി മുതലായ ബാങ്കുകളിൽ നൽകുന്ന ബോണ്ടുകളിൽ നടത്തുന്ന നിക്ഷേപം ഒരു നല്ല നിക്ഷേപമാണ്, ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുന്നത് എന്നിവയാണ് ദുബായിലുള്ള നിക്ഷേപക സാധ്യതകൾ. പുതിയ നിക്ഷേപകര്‍ക്ക് വന്‍ പിന്തുണയാണ് ദുബായ് സർക്കാർ നല്‍കുന്നത്. എന്നാലും ചില നിക്ഷേപകര്‍ ചതിയില്‍പ്പെടുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A വ്യാജരായ ബിസിനസ് പങ്കാളികള്‍, നിക്ഷേപം നടത്തുന്ന രീതി, വ്യക്തമായ കരാര്‍ ഇല്ലാതെയുള്ള നിക്ഷേപം, ബിസിനസ് പങ്കാളിയ്ക്ക് പണം രേഖകളില്ലാതെ ഏൽപ്പിക്കുക, ബിസിനസ് പങ്കാളിയെ പൂർണമായും വിശ്വസിച്ച് ബിസിനസ് കണക്കുകൾ നോക്കാതിരിക്കുക, നിയമപരമായി ബിസിനസ് എഗ്രിമെന്‍റ് ഉണ്ടാക്കാതിരിക്കുക ഇതൊക്കെയാണ് പ്രധാനമായും ആളുകള്‍ ചതിയില്‍പ്പെടുന്നതിന് കാരണം. യുഎഇയിലെ അംഗീകരിച്ച സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലായിരിക്കണം പണം നിക്ഷേപിക്കാൻ. ഷെയർ ട്രേഡിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്. യുഎഇയിൽ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് എസ്സിഎയുടെ വെബ്സൈറ്റിൽ നോക്കി ഈ കമ്പനി രജിസ്റ്റേഡ് ആണോയെന്ന് ഉറപ്പാക്കണം. അതിനുശേഷം ആ കമ്പനിയുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം. യുഎഇയില്‍ പാർട്ണറായോ മാനേജരായോ ഒരു ട്രേഡ് ലൈസൻസിൽ നിങ്ങളുടെ പേര് വന്നാൽ ആ കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളിലും നിങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കും. എന്തെങ്കിലും പണം ഇടപാടുകളിൽ ചെക്ക് ബൗൺസ് ആകുന്ന സാഹചര്യത്തിൽ മാനേജരാണ് നിയമക്കുരുക്കിൽ ആദ്യം പെടുന്നത്. ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരു അറിവും ഇല്ലാതെ പുറത്തുനിന്ന് വരുന്ന പല നിക്ഷേപകരും നഷ്ടത്തിൽ ഓടുന്ന കമ്പനിയുടെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ഒരു കമ്പനി വാങ്ങുമ്പോൾ നിയമപരമായി എന്തെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടോയെന്ന് അന്വേഷിച്ചതിന് ശേഷം മാത്രമേ നിക്ഷേപം പാടുള്ളൂ. നിക്ഷേപം ചെയ്തു, തുക നഷ്ടപ്പെട്ടു, കമ്പനി നന്നായി നടക്കുന്നു, എന്നാൽ ഒരു രീതിയിലുള്ള ലാഭവും ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ലഭിക്കാറുള്ളത്. അതിന് കാരണം നിക്ഷേപ കരാർ യുഎഇ നിയമപ്രകാരം റജിസ്റ്റർ ചെയ്യാത്തതുകൊണ്ട് മാത്രമാണെന്ന് അഡ്വ. പ്രീത ശ്രീറാം പറഞ്ഞു. യുഎഇയിലെ റിയൽ എസ്റ്റേറ്റ് നിയമം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. യുഎഇയിൽ നിലവിൽ വളരെ ലാഭം നൽകുന്ന ബിസിനസ് ആണ് റിയൽ എസ്റ്റേറ്റ് ബിസിനസ് അഥവാ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം. എല്ലാ എമിറേറ്റ്സിലെയും നല്ലൊരു നിക്ഷേപമായ ഭൂമി, വില്ല, ഫ്ലാറ്റ്, ഷോപ്പിങ് മാൾ, ഫാം തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്ന ആൾ നേരിട്ട് വന്ന് പ്രോപ്പർട്ടി കണ്ടു രേഖകൾ പരിശോധിച്ചു മാത്രം പണം നിക്ഷേപിക്കുക. യുഎഇയിലെ റിയൽ എസ്റ്റേറ്റ് നിയമത്തെപ്പറ്റി അറിയാതെ നിക്ഷേപം ചെയ്യാനെത്തുന്നവർ അകപ്പെടുന്ന തട്ടിപ്പുകൾ ഏറെയാണ്. ഒരാൾ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റോ വില്ലയോ സൂപ്പർ മാർക്കറ്റോ ഹോട്ടലോ റീ റെന്‍റ് എഗ്രിമെന്‍റ് ഇല്ലാതെ വേറൊരാളെ താമസിക്കാനോ ബിസിനസ് നടത്താനോ കൊടുക്കുന്നത് യുഎഇ നിയമപ്രകാരം തെറ്റാണ്. തുക എഴുതാത്ത ചെക്ക് ഒരു കാരണവശാലും ബിസിനസിനോ വ്യക്തിപരമായ കാര്യത്തിനോ ആർക്കും നൽകാതിരിക്കുക. ഏറ്റവും ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് ഫ്ലാറ്റോ വില്ലയോ നിയമപരമല്ലാതെ അപരിചിതർക്ക് വാടകയ്ക്ക് കൊടുക്കുകയെന്നത്.
Home
dubai
UAE Business Investment: കോടികള്‍ കൊയ്യാം, യുഎഇയിലെ ബിസിനസ്, നിക്ഷേപ സാധ്യതകള്‍ ഏതെല്ലാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിയില്‍പ്പെടില്ല