
MBBS; റീൽസിലൂടെ റഷ്യൻ മെഡിക്കൽ സീറ്റ് തട്ടിപ്പ്: മലയാളി ദമ്പതികൾ അറസ്റ്റിൽ, കോടികൾ തട്ടിയതായി ആരോപണം
MBBS; റഷ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലെക്കുഴിപറമ്പിൽ അഹമ്മദ് അജ്നാസ് (27), ഭാര്യയും ഇൻഫ്ലുവൻസറുമായ കോഴിക്കോട് നടവന്നൂർ നൊച്ചാട് സ്വദേശിനി പുനത്തിൽ ഫിദ ഫാത്തിമ (28) എന്നിവരാണ് പിടിയിലായത്. വേലൂർ സ്വദേശിനി റിഷ ഫാത്തിമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മോസ്കോയിലെ സെചനോവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പല തവണകളായി 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് റിഷയുടെ പരാതി. വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചപ്പോൾ ദമ്പതികൾ രണ്ടുവർഷത്തോളം ഒഴിവുകഴിവുകൾ പറയുകയായിരുന്നു. തുടർന്നാണ് റിഷ എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയത്. റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിയായ ഫിദ ഫാത്തിമയുടെ റീൽസ് കണ്ടാണ് റിഷ ഇവരെ സമീപിക്കുന്നത്. പിന്നീട് അജ്നാസുമായി ചേർന്ന് പണം കൈപ്പറ്റുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് മാവൂർ പോലീസ് സ്റ്റേഷനിലും വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതിന് ഇവർക്കെതിരെ പരാതികളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Comments (0)