
യുഎഇയിലെ ഏറ്റവും വലിയ കളപ്പണം വെളുപ്പിക്കല്‍ കേസുകളിലൊന്ന്; ഇന്ത്യൻ വ്യവസായിയുടെ പിഴത്തുക വര്‍ധിപ്പിച്ചു
Money Laundering Case ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലൊന്നിൽ ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിങ് സാഹ്നി എന്ന ‘അബു സബ’യുടെ പിഴത്തുക വർധിപ്പിച്ച് ദുബായ് കോടതി. പ്രാദേശിക അറബിക് മാധ്യമങ്ങളാണ് പിഴ 15 കോടി ദിർഹമാക്കി (ഏകദേശം 340 കോടി രൂപ) വർധിപ്പിച്ചതായി റിപ്പോർട്ട് ചെയ്തത്. കേസിൽ നേരത്തെ വിധിച്ച അഞ്ചുവർഷം തടവ്, അഞ്ച് ലക്ഷം ദിർഹം വ്യക്തിഗത പിഴ, തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്തൽ എന്നീ ശിക്ഷകൾ അപ്പീൽ കോടതി ശരിവച്ചു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ കേസ്. ഇതില്‍ 33 പ്രതികളാണുള്ളത്. അബു സബയും കൂട്ടാളികളും ചേർന്ന് വ്യാജ കമ്പനികളുടെ ശൃംഖല സ്ഥാപിക്കുകയും സംശയാസ്പദമായ സാമ്പത്തിക കൈമാറ്റങ്ങൾ വഴി യുഎഇയ്ക്കകത്തും പുറത്തും അനധികൃതമായി പണം കൈകാര്യം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചതിനും അനധികൃതമായി സമ്പാദിച്ച വസ്തുക്കൾ കൈവശം വച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അബു സബയുടെ മകനടക്കം 32 പേരെ നേരത്തെ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ 11 പ്രതികളെ ഒളിവിലായിരിക്കെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. മറ്റുള്ളവർക്ക് ഒരു വർഷം തടവും കുറഞ്ഞ പിഴയുമായിരുന്നു ശിക്ഷ. കേസിൽ മറ്റ് പ്രതികൾ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയെങ്കിലും ഇവയിൽ ഭൂരിഭാഗം ഹർജികളും കോടതി തള്ളി. എന്നാൽ, വിധിയിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 15 കോടി ദിർഹമിന്റെ പിഴ എല്ലാ പ്രതികളും കൂട്ടായി അടയ്ക്കണമെന്നാണ് പുതിയ ഉത്തരവ്. മറ്റ് ശിക്ഷകളിൽ മാറ്റമില്ല. കേസുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികൾക്ക് 5 കോടി ദിർഹം വീതം പിഴ ചുമത്തിയിട്ടുണ്ട്.
Comments (0)