
Abu Dhabi Court നിക്ഷേപ തട്ടിപ്പ് കേസ്; പ്രതിയായ സ്ത്രീ 61,000 ദിർഹം തിരിച്ച് നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി
Abu Dhabi Court അബുദാബി: നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ സത്രീ 61,000 ദിർഹം തിരികെ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി ഫാമിലി, സിവിൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റോക്ക് ട്രേഡിംഗിൽ വിദഗ്ധയാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും കൈക്കലാക്കിയ 61,000 ദിർഹം തിരികെ നൽകണമെന്നാണ് ഉത്തരവ്. യുവാവിന് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്ക് 1000 ദിർഹം കൂടി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഓഹരി നിക്ഷേപ രംഗത്ത് പരിചയ സമ്പന്നയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഇൻസ്റ്റഗ്രാം പരസ്യം കണ്ടാണ് യുവാവ് സ്ത്രീയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരെ വിശ്വസിച്ച് ഇദ്ദേഹം ബാങ്ക് ഇടപാടുകളിലൂടെ 61,000 ദിർഹം കൈമാറി. എന്നാൽ, ലാഭവിഹിതം ആവശ്യപ്പെട്ടപ്പോൾ സ്ത്രീ മറുപടി നൽകിയില്ല. തുടർന്ന് അദ്ദേഹം തന്റെ മുടക്കുമുതൽ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇനി നിക്ഷേപത്തിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പണം തിരികെ നൽകാൻ സ്ത്രീ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് അനുവദിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് തുക തിരികെ ലഭിച്ചില്ല. തുടർന്നാണ് യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും ബാങ്ക് ട്രാൻസ്ഫർ രസീതുകളും ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. യുവാവിന്റെ കോടതി ചെലവുകളും സ്ത്രീ വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Comments (0)