
Road Accident Compensation റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
Road Accident Compensation അബുദാബി: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ 400,000 ദിർഹം നൽകണമെന്നാണ് കോടതി ഉത്തരവ്. അബുദാബി കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണ് തുക ലഭിക്കുക. മുസ്തഫയുടെ കുടുംബത്തിന് ദയാധനമായി 200,000 ദിർഹം നൽകാൻ നേരത്തെ അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തുക അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കൂടി വേണമെന്നും ആവശ്യപ്പെട്ട് നൽകിയ കേസിലാണ് ദയാധനത്തിന് പുറമെ 200,000 ദിർഹം നഷ്ടപരിഹാരം കൂടി നൽകാൻ കോടതി ഉത്തരവിട്ടത്. ഒരു അറബി കുടുംബത്തിൽ പാചകക്കാരനായി ജോലിചെയ്ത് വരികയായിരുന്നു മുസ്തഫ. 2023 ജൂലൈ ആറിനാണ് മുസ്തഫ മരിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ബസിൽ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി ഓടിച്ച വാഹനമാണ് ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് മുസ്തഫ മരണപ്പെട്ടു. തുടർന്ന് മുസ്തഫയുടെ കുടുംബം യാബ് ലീഗൽ സർവീസസ് മുഖേന നടത്തിയ നിയമ പോരാട്ടത്തിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. മുസ്തഫയുടെ അമ്മ, ഭാര്യ, മകൻ, മകൾ എന്നിവരാണ് നഷ്ടപരിഹാര തുകയുടെ അവകാശികൾ.
Comments (0)