
Pink Diamond 25 മില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ്വ പിങ്ക് വജ്രം കടത്താൻ ശ്രമിച്ചു; 3 പേർ ദുബായിൽ അറസ്റ്റിൽ
Pink Diamond ദുബായ്: 25 മില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ്വ പിങ്ക് വജ്രം കടത്താൻ ശ്രമിച്ച 3 പേർ ദുബായിൽ അറസ്റ്റിൽ. അപൂർവ്വ പിങ്ക് വജ്രം രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം ദുബായ് പോലീസ് പരാജയപ്പെടുത്തി. ഒരു പ്രമുഖ രത്‌നശാസ്ത്ര സ്ഥാപനം സാക്ഷ്യപ്പെടുത്തിയ വജ്രമാണിത്. സവിശേഷമായ പരിശുദ്ധി റേറ്റിംഗുള്ള ഈ പിങ്ക് വജ്രത്തെ രാജ്യത്തേക്ക് പുറത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇത്തരത്തിലുള്ള മറ്റൊരു വജ്രം കണ്ടെത്താനുള്ള സാധ്യത 0.01 ശതമാനം മാത്രമാണ്. പ്രതികൾ വജ്രത്തിന്റെ ഉടമയെ പരിചയപ്പെട്ട് ഒരു ധനികനായ വ്യക്തിയ്ക്ക് ഈ വജ്രത്തിൽ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഉടമയുടെ വിശ്വാസ്യത നേടുന്നതിനായി പ്രതികൾ ആഢംബര കാറുകൾ ഉൾപ്പെടെ വാടകയ്ക്ക് എടുത്തിരുന്നു. ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ ഇവർ റൂം ബുക്ക് ചെയ്യുകയും, രത്‌നം പരിശോധിക്കാനായി ഒരു പ്രശസ്ത വജ്രവിദഗ്ധനെ നിയമിക്കുകയും ചെയ്തു. ഇതോടെ വജ്ര ഉടമ പ്രതികളെ പൂർണ്ണമായും വിശ്വസിച്ചു. വജ്രം വാങ്ങുന്നയാളെ കാണിക്കാനെന്ന പേരിൽ മൂവർ സംഘം ഇദ്ദേഹത്തെ ഒരു വില്ലയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഇദ്ദേഹം വജ്രം കാണിച്ചു കൊടുത്തപ്പോൾ ഇവർ വജ്രം കൈക്കലാക്കി ഓടിപോകുകയായിരുന്നു. മോഷണത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ദുബായ് പോലീസ് അന്വേഷണത്തിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നൂതന ട്രാക്കിംഗ് സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. എട്ട് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
Comments (0)