200ലധികം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്നാണ് പൈലറ്റില്ലാതെ വിമാനം പത്ത് മിനിറ്റോളം പറക്കാനിടയായത്. ജർമനിയിൽ നിന്നും സ്പെയിനിലേക്ക് പോവുകയായിരുന്ന ലുഫ്താൻസാ വിമാനത്തിലായിരുന്നു സംഭവം നടന്നത്. 2024 ഫെബ്രുവരിയിലായിരുന്നു സംഭവം. 199 യാത്രക്കാരും ആറു വിമാന ജോലിക്കാരുമായി 2024 ഫെബ്രുവരിയിൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവില്ലെയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്. യാത്ര അവസാനിക്കാൻ 30 മിനിറ്റ് ബാക്കി നിൽക്കെ പൈലറ്റ് വാഷ് റൂമിലേക്ക് പോയി. 8 മിനിറ്റിന് ശേഷം തിരിച്ചെത്തിയെങ്കിലും കോക്പിറ്റിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇതേ തുടർന്ന് എമർജൻസ് കോഡ് ഉപയോഗിച്ച് ക്യാപ്റ്റൻ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. അതേസമയം തന്നെ സഹപൈലറ്റ് ബോധം വീണ്ടെടുത്ത് അകത്തു നിന്ന് സ്വമേധയാ വാതിൽ തുറക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. വിളറി വിയർത്ത അവസ്ഥയിലായിരുന്ന സഹപൈലറ്റിനെ വിമാനജീവനക്കാരുടെയും യാത്രക്കാരനായ ഡോക്ടറുടെയും സഹായത്തോടെ പരിചരിക്കുകയായിരുന്നു. അതേ സമയം താൻ വാഷ്റൂമിലേക്ക് പോകുമ്പോൾ ഫസ്റ്റ് ഓഫീസർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് 43 കാരനായ ക്യാപ്റ്റൻ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പെട്ടെന്ന് ബോധരഹിതനാവുകയായിരുന്നെന്നും ആരെയും വിവരമറിയിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലായിരുന്നു താനെന്നും സഹപൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തൊട്ടടുത്ത വിമാനത്താവളമായ മാഡ്രിഡിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഡീ സംബന്ധമായ രോഗത്തെ തുടർന്ന് സഹപൈലറ്റിന് പെട്ടെന്ന് ബോധക്ഷയമുണ്ടായെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് സഹപൈലറ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു.