
Kuwait Abbasiya water shortage കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ജലവിതരണം നിലച്ചതോടെ ദുരിതത്തിലായി 80ലേറെ ഇന്ത്യൻ കുടുംബങ്ങൾ. കുട്ടികൾ, ഗർഭിണികൾ, നഴ്സുമാർ ഉൾപ്പെടെയുള്ള താമസക്കാരാണ് കുടിവെള്ളവും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമുള്ള വെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നത്.
അബ്ബാസിയയിലെ സ്ട്രീറ്റ് 6, ബ്ലോക്ക് 4, ബിൽഡിങ് 158-ലാണ് സംഭവം. ഒക്ടോബർ 14ന് വൈകുന്നേരം കെട്ടിടത്തിലെ വാട്ടർ മോട്ടോർ നീക്കം ചെയ്തതോടെയാണ് വെള്ളവിതരണം നിലച്ചതെന്ന് താമസക്കാർ പറയുന്നു. തുടർന്ന് പുതിയ മോട്ടോർ സ്ഥാപിക്കാൻ കെട്ടിട ഉടമ തയ്യാറല്ലെന്ന് അറിയിച്ചതായും ഇവർ ആരോപിച്ചു.
വെള്ളം ലഭിക്കാത്തതോടെ കുടിക്കാനും പാചകം ചെയ്യാനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ശുചിത്വം പാലിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് താമസക്കാർ പറയുന്നു. ചിലർ പുറത്തുനിന്ന് വെള്ളവും ഭക്ഷണവും വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. മറ്റുചിലർ താഴത്തെ നിലയിലെ സ്റ്റോറേജ് ടാങ്കിൽനിന്ന് വെള്ളം ശേഖരിക്കേണ്ടിവരുന്നതായും പരാതിയുണ്ട്.
പ്രശ്നത്തിൽ കുവൈത്തിലെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ജലവിതരണം പുനഃസ്ഥാപിക്കണമെന്നും വാട്ടർ മോട്ടോർ നീക്കം ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്നും താമസക്കാർ ആവശ്യപ്പെട്ടു.
കുട്ടികളും ഗർഭിണികളും നഴ്സുമാരും ദുരിതത്തിൽ
സ്കൂൾ വിദ്യാർഥികൾ, ചെറിയ കുട്ടികൾ, ഗർഭിണികൾ, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് കെട്ടിടത്തിൽ താമസിക്കുന്നത്. വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകുന്നതിന് മുമ്പും തിരിച്ചെത്തിയ ശേഷവും വെള്ളം ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് താമസക്കാർ പറയുന്നു.
കെട്ടിടത്തിലെ താമസക്കാരനായ നിബു തന്റെ രണ്ട് ചെറിയ കുട്ടികൾ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ കരയുന്ന സാഹചര്യമുണ്ടായതായി പറഞ്ഞു. ഭാര്യയും ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും അദ്ദേഹം അധികൃതരുടെ അടിയന്തര സഹായം തേടിയുള്ള സന്ദേശത്തിൽ വ്യക്തമാക്കി.
പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ടിവരുന്ന സാഹചര്യമാണെന്നും മൂന്ന് ദിവസമായി വീട്ടിൽ ശരിയായ രീതിയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിബു ആരോപിച്ചു.
വെള്ളമില്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്യുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും വീട്ടിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിയുന്നില്ലെന്ന് മറ്റ് താമസക്കാരും പറഞ്ഞു.
“ഞങ്ങളുടെ കെട്ടിടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്. നിലവിലെ സാഹചര്യം ഞങ്ങളെ ആശങ്കയിലാക്കുന്നു,” മറ്റൊരു താമസക്കാരനായ ബ്ലെസ്സൺ സഹായം അഭ്യർഥിച്ചുകൊണ്ട് പറഞ്ഞു.
പ്രശ്നം എത്രയും വേഗം പരിഹരിച്ച് കെട്ടിടത്തിലെ കുടുംബങ്ങൾക്ക് സാധാരണ നിലയിൽ വെള്ളം ലഭ്യമാക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.