
മൂന്ന് വർഷം മുൻപ് പുഴയിൽ ചാടി മരിച്ചെന്ന് വിശ്വസിപ്പിച്ച് മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം പുഴയിൽ ചാടി മരിച്ചെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് മുങ്ങിയ യുവതി 3 വർഷത്തിനു ശേഷം തൃശൂരിൽ പിടിയിലായി. കോഴിക്കോട് ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) ഫറോക്ക് പൊലീസും ക്രൈം സ്ക്വാഡും ചേർന്ന് കണ്ടെത്തിയത്. 2022 നവംബർ 11-ന് ഫറോക്ക് എട്ടേമൂന്ന് വാഴപ്പുറ്റത്തറയിലെ വാടകവീട്ടിൽ നിന്ന് സ്കൂട്ടറിൽ പോയ വർഷ, മരിക്കാൻ പോകുകയാണെന്ന് കത്തെഴുതി അറപ്പുഴ പാലത്തിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണും സിമ്മും ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞതിനാൽ ആദ്യം യാതൊരു തുമ്പും ലഭിച്ചില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് വർഷ ജീവിച്ചിരിപ്പുണ്ടെന്നും ഇന്റർനെറ്റ് കോളുകൾ വഴി വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയത്. തുടർന്ന് തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു.
2022 നവംബറിൽ ഫറോക്കിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 9.10 ലക്ഷം രൂപ തട്ടിയെടുത്തതായും, നിരവധി വ്യക്തികളിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പുഴയിൽ ചാടി മരിച്ചെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് യുവതി കത്തെഴുതിവെച്ച് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനം നൽകിയ പരാതിയിൽ വർഷക്കെതിരെ ഫറോക്ക് പൊലീസിൽ നിലവിൽ കേസുണ്ട്.
ഈ കേസ് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത് അറിയിച്ചു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഫറോക്ക് എസ്ഐ എസ്.അനൂപ്, സിപിഒമാരായ കെ.പ്രജിഷ, എം.സനൂപ്, സൈബർ സെൽ സിപിഒമാരായ സുജിത്ത് മാവൂർ, ഷെഫിൻ സ്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Comments (0)