
Drug Case ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ
Drug Case മലപ്പുറം: വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)