
Internet Slowdown വാരാന്ത്യം ആഘോഷിക്കാനിരുന്ന യുഎഇയിലെ താമസക്കാരെ നിരാശയിലാക്കി ഇന്റർനെറ്റ് തകരാർ
Internet Slowdown ദുബായ്: ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് സ്പീഡ് യുഎഇയിലാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സങ്ങൾ നേരിട്ടതായാണ് ഉപഭോക്താക്കൾ പരാതി ഉയർത്തിയിരിക്കുന്നത്. ചിലർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ചത് വളരെ മന്ദഗതിയിലാണെന്നും പരാതി ഉയർന്നിരുന്നു. സ്ട്രീമിംഗ് സേവനങ്ങളോ ഓൺലൈൻ ഗെയിമുകളോ ഉപയോഗിച്ച് വിശ്രമിക്കാമെന്ന പ്രതീക്ഷയിൽ നിരവധി താമസക്കാർ മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കുന്ന സമയത്താണ് ഈ മാന്ദ്യം ഉണ്ടായത്. ഡൗൺലോഡുകൾ തടസ്സപ്പെടൽ, വീഡിയോകൾ ബഫർ ചെയ്യൽ, മന്ദഗതിയിലുള്ള ബ്രൗസിംഗ് തുടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗെയിമുകൾ കളിക്കുമ്പോൾ ഇന്റർനെറ്റ് സേവനം തടസം നേരിട്ടുവെന്നും വോയ്സ് ചാറ്റുകൾ മുറിഞ്ഞ് മുറിഞ്ഞാണ് കേട്ടുകൊണ്ടിരുന്നതെന്നും സോഷ്യൽ മീഡിയയിൽ പരാതികൾ ഉയർന്നു. കണക്ഷൻ പുനസ്ഥാപിക്കാൻ പല കാര്യങ്ങളും ഉപഭോക്താക്കൾ പരിശോധിച്ച് നോക്കി. എന്നാൽ, അതൊന്നും ഫലവത്തായില്ല. വർക്ക് ഫ്രം ഹോം ജോലി ചെയ്തിരുന്നവരുടെ ജോലിയെയും ഇന്റർനെറ്റ് തടസം ബാധിച്ചു. ഓൺലൈൻ മീറ്റിംഗുകളിൽ ഉൾപ്പെടെ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്കുണ്ടായത്. ദുബായ്, ഷാർജ, അൽ ഐൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ജബൽ അലി, ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടു. ലാൻഡ് ലൈൻ ഇന്റർനെറ്റ്, ടിവി സ്ട്രീമിങ്, മൊബൈൽ ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും. ദുബായിൽ ഉടനീളം ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലാണ് ലഭിക്കുന്നത്. പ്രസ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ എഞ്ചിനീയർമാർ നടത്തുന്നുണ്ട്. ചെങ്കടലിലെ കേബിൾ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങളിൽ തടസമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
Comments (0)