
2.5 ബില്യൻ ഡോളറിന്‍റെ നിക്ഷേപം; ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളില്‍ 5,000 പുതിയ തൊഴിലവസരങ്ങളുമായി ഡിപി വേള്‍ഡ്
DP World Jobs ദുബായ്: 2025 ല്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിപി വേള്‍ഡ്. ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ 2.5 ബില്യൻ ഡോളറിന്‍റെ നിക്ഷേപവുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേൾഡ്. ലോകമെമ്പാടുമുള്ള ചരക്ക് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. ഇന്ത്യ, ബ്രിട്ടൻ, ഇക്വഡോർ, സെനഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ഇതിൽ 2,000 പുതിയ നിർമാണ ജോലികൾ ഇന്ത്യയിലായിരിക്കും. ഗുജറാത്തിലെ ട്യൂണ ടെക്രയിൽ പുതിയ ടെർമിനൽ സ്ഥാപിക്കുന്നതിലൂടെയും രാജ്യത്തുടനീളം റെയിൽ, ഇൻലാൻഡ് ടെർമിനലുകൾ നിർമിക്കുന്നതിലൂടെയുമാണ് ഈ ജോലികൾ ലഭ്യമാകുക. സെനഗലിൽ ഒരു പുതിയ ആഴക്കടൽ തുറമുഖത്തിന്റെ നിർമാണത്തിലൂടെ 600, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പോർട്ട് ഓഫ് ബനാനയിൽ 500, ബ്രിട്ടനിലെ ലണ്ടൻ ഗേറ്റ്‌വേ തുറമുഖത്തിന്റെ വികസനത്തിൽ 1,000, ഇക്വഡോറിലെ പോസോർജ തുറമുഖ വികസനത്തിന് 300ലേറെ പേര്‍ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വാണിജ്യ മേഖലയ്ക്ക് ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈയം പറഞ്ഞു. ഈ പദ്ധതികൾ പൂർത്തിയാകുമ്പോൾ, ലോകോത്തര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഈ രാജ്യങ്ങൾക്ക് ലഭിക്കുമെന്നും അത് അടുത്ത 50 വർഷത്തേയ്ക്ക് ഉപയോക്താക്കൾക്കും സമൂഹങ്ങൾക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ലോകത്തെങ്ങുമുള്ള ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കാൻ സഹായിക്കുന്ന വിപുലമായ സേവനങ്ങൾ ഡിപി വേള്‍ഡ് നൽകുന്നു. കണ്ടെയ്നർ ടെർമിനലുകൾ, തുറമുഖങ്ങൾ, സാമ്പത്തിക മേഖലകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരു വലിയ ശൃംഖല ഡിപി വേൾഡിനുണ്ട്. നിലവിൽ 100ലേറെ രാജ്യങ്ങളിൽ ഇവർക്ക് സാന്നിധ്യമുണ്ട്.
Comments (0)