Advertisment

Investment Scam പുനരധിവാസ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; പ്രവാസി മലയാളികളെ ചൂഷണം ചെയ്ത് തട്ടിയത് കോടികൾ

Advertisment

Investment Scam ദുബായ്: പുനരധിവാസ പദ്ധതിയുടെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്ത് കോടികൾ തട്ടിയെടുത്തതായി ആരോപണം. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ ‘ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ പേര് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൺവീനർ കെ. കെ. എൻ. അബ്ദുൽ നാസർ തളിപ്പറമ്പിന്റെ നേതൃത്വത്തിൽ സേവ് നിസാമി സബ് കമ്മിറ്റി കണ്ണൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ.ഫരീദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ്ലിങ് അസോസിയേഷൻ ഭാരവാഹിയുമായ നിസാമുദ്ദീനെതിരെയാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്. ‘പ്രവാസി പുനരധിവാസ പദ്ധതി’ എന്ന് പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത് 2017 മുതലാണ്. പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായ ഭാവിയും പുനരധിവാസവും ഉറപ്പുവരുത്തുമെന്ന വാഗ്ദാനം നൽകി സാധാരണക്കാരായ 110 പ്രവാസികളിൽ നിന്ന് 3 കോടിയിലേറെ രൂപ നിക്ഷേപമായി പിരിച്ചെടുത്തുവെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ കഫ്റ്റീരിയ, റസ്റ്ററന്റ്, ഗ്രോസറി, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നവരാണ്. കണ്ണൂരിലെ വലിയ കെട്ടിട സമുച്ചയം, നിസാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാഹരിച്ച തുകയിൽ നിന്ന് 40 ലക്ഷം രൂപ മാത്രം ഉപയോഗിച്ച് കണ്ണൂർ തളിപ്പറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിൽ ‘നിഫ്കോ’ എന്നൊരു സ്ഥാപനം തുടങ്ങി. എന്നാൽ, ലാഭവിഹിതമോ നിക്ഷേപത്തിന്റെ കൃത്യമായ വിവരങ്ങളോ കഴിഞ്ഞ 7 വർഷമായി നിക്ഷേപകർക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇക്കാര്യം ചോദ്യം ചെയ്യുമ്പോൾ ഭീഷണിപ്പെടുത്തുകയും കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് വെല്ലുവിളിക്കുകയുമാണ് മാനേജിങ് ഡയറക്ടർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും നാട്ടിലുള്ള നിക്ഷേപകരെക്കൊണ്ട് അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ കമ്പനി ഇപ്പോഴും നിസാമിന്റെ ഉടമസ്ഥതയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇപ്പോഴും പുതിയ നിക്ഷേപകരെ കണ്ടെത്തി ലക്ഷങ്ങൾ തട്ടുന്നുണ്ടെന്നും പറഞ്ഞു. നിങ്ങൾക്കാർക്കും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും തനിക്ക് സൗകര്യമുള്ളപ്പോൾ കാര്യങ്ങൾ ചെയ്യുമെന്നും പറഞ്ഞുള്ള എംഡിയുടെ ധാർഷ്ട്യം ഞെട്ടിപ്പിച്ചുവെന്നാണ് ഇരകൾ വ്യക്തമാക്കുന്നത്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group