
ഓണം പൊടിപൊടിച്ചോ ! നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്ക്
rupee depreciation against dirham അബുദാബി/ദുബായ്: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ, എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്കോട് തിരക്ക്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് 16 പൈസയുടെ നേട്ടം. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്കു പണം അയയ്ക്കുമ്പോൾ ലഭിക്കുന്ന അധിക തുകയിലൂടെ ഉറ്റവരുടെ ഓണാഘോഷം ഉഷാറാക്കാമെന്ന കണക്കുകൂട്ടലിലാണ് മലയാളികൾ. ഗൾഫിൽ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ട്. വാരാന്ത്യമായ ഇന്നും നാളെയും നല്ല ബിസിനസിനായി കാത്തിരിക്കുകയാണ് ധനവിനിമയ സ്ഥാപനങ്ങൾ. ഇതേസമയം രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ബോട്ടിം 24.01 രൂപയും ഇത്തിസലാത്തിന്റെ ഇ-മണി ആപ് 23.95 രൂപയുമാണ് നൽകിയത്. ഇതേ തുടർന്ന്, ചില എക്സ്ചേഞ്ചുകളും ആപ്പ് സേവനം ഏർപ്പെടുത്താൻ നിർബന്ധിതരായി. എക്സ്ചേഞ്ചുകൾ സേവന നിരക്ക് ഈടാക്കുമ്പോൾ മൊബൈൽ ആപ്പുകൾ സൗജന്യമായോ നാമമാത്ര ഫീസ് ഈടാക്കിയോ ആണ് സേവനം. തത്സമയം അക്കൗണ്ടിൽ പണം എത്തും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. രാജ്യാന്തര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.91 രൂപയാണ് നൽകിയത്. വിനിമയ നിരക്ക് (രൂപയിൽ)- യുഎഇ ദിർഹം 24.01, ഖത്തർ റിയാൽ 24.22, സൗദി റിയാൽ 23.50, ഒമാൻ റിയാൽ 229.34, ബഹ്റൈൻ ദിനാർ 233.88, കുവൈത്ത് ദിനാർ 288.52.
Comments (0)