Interrogation Murder Case വിദേശ പൗരന്റെ കൊലപാതകം; യുഎഇയിൽ പ്രവാസി അധ്യാപികയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു

Interrogation Murder Case ദുബായ്: വിദേശ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎഇയിൽ പ്രവാസി അധ്യാപികയ്ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ഫ്രഞ്ച് പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 30 കാരിയായ ഡച്ച് അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. ഫ്രഞ്ച് പൗരന് ട്യൂഷനെടുത്തിരുന്ന ഡച്ച് അധ്യാപികയ്‌ക്കെതിരെയാണ് അന്വേഷണം. 30 കാരനായ ഫ്രഞ്ച് പൗരനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി 2024 ഡിസംബർ 19 ന് അൽ ബർഷ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി ലഭിച്ചിരുന്നു. ഫ്രഞ്ച് പൗരന്റെ അമ്മയാണ് പരാതി നൽകിയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പാം ജുമൈറയിലെ വില്ലയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. തലയിൽ പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിസംബർ 16 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡച്ച് അധ്യാപികയായ സ്ത്രീ ഈ വില്ലയിൽ എത്തിയിരുന്നുവെന്നും വൈകുന്നേരം 6.38 നാണ് ഇവർ തിരികെ പോയതെന്നും കണ്ടെത്തി. സാധാരണയായി ഇവർ ട്യൂഷനെടുക്കാൻ എത്തുമ്പോൾ 2 മണിക്കൂർ നേരം മാത്രമാണ് ഇവിടെ ചെലവഴിച്ചിരുന്നത്. എന്നാൽ, അന്ന് മാത്രം ഇത്രയധികം നേരം സ്ത്രീ വില്ലയിൽ ചെലവഴിച്ചത് സംശയാസ്പദമാണ്. പിന്നീടുള്ള ദിവസങ്ങളിലൊന്നും വില്ലയിൽ ലൈറ്റുകൾ തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒന്നര വർഷത്തോളമായി താൻ ഫ്രഞ്ച് പൗരന് ഇംഗ്ലീഷ് ട്യൂഷൻ എടുക്കുന്നുണ്ടെന്ന് അധ്യാപിക അന്വേഷണ സംഘത്തോട് പറഞ്ഞു. ആഴ്ചയിൽ നാല് പാഠങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും സംഭവ ദിവസം തന്റെ അവസാന പാഠം ദൈർഘ്യമേറിയതായിരുന്നുവെന്നും താൻ ഒരു യാത്രയ്ക്കായി തയ്യാറെടുക്കുകയാണെന്ന് ഫ്രഞ്ച് പൗരൻ പറഞ്ഞതായും ഇവർ വ്യക്തമാക്കി. ഒരു എമിറാത്തി പൗരനെയാണ് ഡച്ച് അധ്യാപിക വിവാഹം ചെയ്തിരിക്കുന്നത്. 37 കാരനായ ഇയാളിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ തേടി. തന്റെ ഭാര്യ പോർച്ചുഗീസും സ്പാനിഷും സംസാരിക്കുമെന്നും മറ്റുള്ളവർക്ക് ട്യൂഷൻ എടുക്കാറുണ്ടെന്നും എന്നാൽ ഫ്രഞ്ച് പൗരന് ട്യൂഷനെടുക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. തന്റെ ഭാര്യ അക്രമകാരിയല്ലെന്നും ആരെയും ഉപദ്രവിക്കാറില്ലെന്നും വളരെ ദയയുള്ള വ്യക്തിയാണെന്നും ഇയാൾ വ്യക്തമാക്കി. അതേസമയം, അധ്യാപികയ്ക്ക് ഫ്രഞ്ച് പൗരനുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ കാമുകി പോലീസിനോട് വെളിപ്പെടുത്തിയത്. തനിക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും സംശയങ്ങളുമെല്ലാം നിഷേധിക്കുകയാണ് ഡച്ച് അധ്യാപിക. താൻ കുറ്റക്കാരിയല്ലെന്നും തനിക്കൊന്നും അറിയില്ലെന്നുമാണ് ഇവർ പറയുന്നത്. ഒരു ലോഹ പ്രതിമ കൊണ്ട് ഫ്രഞ്ച് പൗരന്റെ തലയിൽ അടിയേറ്റതായി ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥാലവുമായി അധ്യാപികയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ഇവരുടെ വാഹനത്തിൽ നിന്നും കൊല്ലപ്പെട്ട വ്യക്തിയുടെ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വില്ലയിൽ നിന്നും ഡിഎൻഎ അടങ്ങിയ ഒരു കയ്യുറയും രക്തം പുരണ്ട കാൽപ്പാടും ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group