
Darb Toll Tariff അബുദാബിയിൽ ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ; വിശദാംശങ്ങൾ അറിയാം
Darb Toll Tariff അബുദാബി: അബുദാബിയിലെ ദർബ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വൈകുന്നേരത്തെ ടോൾ സമയങ്ങളിൽ നാളെ മുതൽ മാറ്റമുണ്ടാകും. പുതിയ മാറ്റം അനുസരിച്ച് തിങ്കളാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെയുള്ള താരിഫ് ഷെഡ്യൂൾ വൈകുന്നേരം 5 മുതൽ 7 വരെ വരെ എന്നുള്ളത് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 7 വരെയായിരിക്കും. രാവിലെ ചാർജ് ചെയ്യാവുന്ന സമയക്രമം പഴയതുപോലെയായിരിക്കും. രാവിലെ ഏഴു മണി മുതൽ 9 മണിവരെയാണ് ഈ സമയക്രമം. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും താരിഫ് സൗജന്യമായി തുടരും. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആണ് മാറ്റങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം, സ്വകാര്യ വാഹനങ്ങൾക്കുള്ള നിലവിലെ പ്രതിദിന, പ്രതിമാസ ടോൾ പരിധികൾ റദ്ദാക്കലും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. അബൂദാബിയിലെ ദർബ് ഗേറ്റുകളിലൂടെയുള്ള ഓരോ യാത്രക്കും 4 ദിർഹം ടോൾ ഫീസ് തുടർന്നും ഈടാക്കും. അതേസമയം, വികലാംഗർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവർക്കുള്ള നിലവിലെ ഒഴിവാക്കൽ തുടരും. എ.ഡി.ക്യുവിന്റെ ഉപകമ്പനിയായ ക്യു മൊബിലിറ്റിയാണ് ദർബ് ടോൾ സംവിധാനം നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാനുള്ള ചുമതലയും ക്യു മൊബിലിറ്റിക്കാണ്.
Comments (0)