
തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം, യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയോളം തട്ടി, മലയാളി യുവാവ് അറസ്റ്റില്‍
UAE Job Visa Fraud ഇരിട്ടി: യുഎഇ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1.5 കോടി രൂപയോളം തട്ടിയെടുത്ത മലയാളി ബെംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം വണ്ടൂർ സ്വദേശിയായ സി.കെ.അനീസി(39)നെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കോട്ടെ ചെണ്ടമൻകുളത്തിൽ നിന്നാണ് അറസ്റ്റ്. നൂറിലധികം പേരിൽ നിന്നാണ് തുക തട്ടിയെടുത്തതെന്ന് അനീസ് പോലീസിനോടു പറഞ്ഞു. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്‌സലി (24)ന് യുഎഇ വിസ വാഗ്ദാനം ചെയ്ത് 1.4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അക്കൗണ്ടന്റ് വിസയാണ് വാഗ്ദാനം ചെയ്തത്. മെഡിക്കൽ ചെക്കപ്പും മറ്റു പരിശോധനകളും പൂർത്തിയാക്കി തിരുവനന്തപുരത്തു യുഎഇ കോൺസുലേറ്റിന് മുന്നിലെത്താൻ പ്രതി അനീസ് മുഹമ്മദ് അജ്സലിനോട് ആവശ്യപ്പെട്ടു. അനീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം യുഎഇ കോൺസുലേറ്റിലെത്തിയ അജ്സൽ അനീസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്നു മനസിലായ അജ്സൽ ആറളം പോലീസിൽ പരാതി നൽകി. വാട്‌സാപ് ഗ്രൂപ്പുകളിൽ നിന്നാണു യുഎഇയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അജ്സൽ, അനീസിനെ ബന്ധപ്പെടുന്നത്. ഒരു വർഷം മുൻപ് പരാതി കിട്ടിയ സമയത്തു തന്നെ മലപ്പുറം വണ്ടൂർ സ്വദേശിയാണു തട്ടിപ്പ് നടത്തിയതെന്നു മനലിലാക്കിയ പോലീസ് സ്ഥലത്തെത്തിയെങ്കിലും അനീസ് മുങ്ങിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലേക്ക് താമസം മാറ്റിയതായി കണ്ടെത്തി. ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഉപയോഗിച്ച ഫോണും ഫോൺ നമ്പറും പലതവണ മാറ്റിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ബെംഗളൂരു മേൽവിലാസത്തിൽ അനീസ് ആധാർ കാർഡും പാൻകാർഡും സംഘടിപ്പിച്ചിരുന്നു. ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പഞ്ചാബിലെ ജലന്തറിലേക്ക് താമസം മാറിയതായി കണ്ടെത്തി. ജലന്തറിലേക്ക് പോകാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഇയാൾ ബെംഗളൂരുവിലെ വാടകവീട്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ബെംഗളൂരു പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. കേരളത്തിൽ വീസ തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം ഉപയോഗിച്ച് അനീസ് ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ജലന്തറിൽ സ്ഥലം വാങ്ങി 80 ലക്ഷം രൂപയുടെ വീട് പണിതതായി അനീസ് അന്വേഷണസംഘത്തിന് മൊഴി നൽകി. കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 15 കേസുകൾ ഉള്ളതായാണ് വിവരം ലഭിച്ചത്.
Comments (0)