Posted By staff Posted On

AI Radar യുഎഇ: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ, റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

AI Radar ദുബായ്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ ശക്തമാക്കി ദുബായ് പോലീസ്. നിയമലംഘകർക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ദുബായ് പോലീസ് എ ഐ റഡാർ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. പ്രധാന റോഡുകളിലും ഇന്റർസെക്ഷനുകളിലും ഈ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. അമിത വേഗം, അശ്രദ്ധമായി വാഹനമോടിക്കൽ, അപകടകരമായ ലെയ്ൻ മാറ്റം, ചുവപ്പ് സിഗ്നൽ മറികടക്കൽ തുടങ്ങിയവയെല്ലാം എ ഐ റഡാർ സംവിധാനത്തിലൂടെ കണ്ടെത്താൻ കഴിയും. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും. അതിനാൽ തന്നെ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഡ്രൈവർമാർക്ക് അധികൃതർ നിർദ്ദേശം നൽകി. എ ഐ പവേർഡ് റഡാറുകൾക്ക് കണ്ടെത്താൻ കഴിയുന്ന ഗതാഗത നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കുന്ന പിഴ തുകയുടെയും വിശദാംശങ്ങൾ അറിയാം:
1. വേഗത
മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുകയാണെങ്കിൽ 3000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മണിക്കൂറിൽ 60 കിലോമീറ്റർ എന്ന വേഗപരിധി ലംഘിക്കുകയാണെങ്കിൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളുമാണ് ലഭിക്കുക. നിയമലംഘകരുടെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. മണിക്കൂറിൽ 50 കിലോമീറ്റർ എന്ന വേഗത ലംഘിക്കുകയാണെങ്കിൽ 1000 ദിർഹമാണ് പിഴ. മണിക്കൂറിൽ 40 കിലോമീറ്റർ എന്ന വേഗപരിധി ലംഘിച്ചാൽ 700 ദിർഹവും മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗപരിധി ലംഘിച്ചാൽ 600 ദിർഹവും മണിക്കൂറിൽ 20 കിലോമീറ്റർ എന്ന വേഗപരിധി ലംഘിച്ചാൽ 300 ദിർഹവുമാണ് പിഴയായി ലഭിക്കുക.
2. ചുവപ്പ് സിഗ്നൽ മറികടന്ന് വാഹനമോടിക്കൽ
ചുവപ്പ് സിഗ്നൽ മറികടന്ന് വാഹനമോടിച്ചാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടകെട്ടുകയും ചെയ്യും.
3. അശ്രദ്ധമായി വാഹനമോടിക്കൽ
മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്.
4. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
സീറ്റ ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
5. നിയമ വിരുദ്ധമായി വിൻഡോ ടിന്റിംഗ്
വിൻഡോ ടിന്റിംഗ് നിയമലംഘനം നടത്തുന്നവർക്ക് 1500 ദിർഹമാണ് പിഴ ചുമത്തുക.
6. ലെയ്ൻ അച്ചടക്കം പാലിക്കാതിരിക്കൽ
ലെയ്ൻ അച്ചടക്കം പാലിച്ച് വാഹനമോടിക്കാത്ത ഡ്രൈവർമാർക്ക് 400 ദിർഹമാണ് പിഴയായി ലഭിക്കുന്നത്.
7. വാഹന രജിസ്‌ട്രേഷൻ കാലഹരണപ്പെടൽ
രജിസ്‌ട്രേഷൻ കാലഹരണപ്പെട്ട വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
8. അമിത ശബ്ദമുണ്ടാക്കൽ
ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളുമാണ് ലഭിക്കുക. കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കാൻ 10000 ദിർഹമാണ് നൽകേണ്ടത്.

    Comments (0)

    Leave a Reply

    Your email address will not be published. Required fields are marked *