
UAE School യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ഒഴിവില്ല; പുതിയ അഡ്മിഷനായി സ്‌കൂളുകൾ കയറിയിറങ്ങി രക്ഷിതാക്കൾ
UAE School അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് രണ്ടാം ടേമിലേക്ക് പഠനം തുടങ്ങാനിരിക്കെ നാട്ടിൽ നിന്നെത്തിയ കുട്ടികളുടെ പുതിയ അഡ്മിഷനു വേണ്ടി യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ കയറിയിറങ്ങി രക്ഷിതാക്കൾ. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ രക്ഷിതാക്കളാണ് ഇത്തരത്തിൽ ദിവസവും സ്‌കൂളുകൾ കയറിയിറങ്ങുന്നത്. കുറച്ചു നാളെങ്കിലും മക്കളെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നവരാണ് അധ്യയന വർഷത്തിന്റെ ഇടയ്ക്ക് വെച്ച് കുട്ടികളെ നാട്ടിൽ നിന്നെത്തിക്കുന്നത്. മധ്യവേനൽ അവധിക്കു ഭൂരിഭാഗം കുടുംബങ്ങളും നാട്ടിലേക്കു പോയപ്പോൾ കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായ സമയത്തു കുടുംബത്തെ കൊണ്ടു വന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഓൺലൈനിൽ അപേക്ഷ നൽകി ഇത്തരക്കാർ സ്‌കൂൾ അഡ്മിഷനായുള്ള കാത്തിരിപ്പിലാണ്. ഇത്തരം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ളത് പഠനം നാട്ടിലേക്കു മാറ്റാനായി ടി.സിക്ക് അപേക്ഷ നൽകിയവരുടെയും അവധിക്കാലത്തു നാട്ടിലേക്കു പോയവരിൽ തിരിച്ചു വരാത്തവരുടെയും ഒഴിവിലാണ്. മുൻകാലങ്ങളിൽ ധാരാളം പേർ ടി.സി എടുത്തു മറ്റു സ്‌കൂളുകളിലേക്കു മാറുകയോ നാട്ടിലേക്കു തിരിച്ചു പോകുകയോ പതിവായിരുന്നു. എന്നാൽ, ഇത്തവണ ടി.സി എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ചില സ്‌കൂളുകളിലെ 8 വരെയുള്ള ഗ്രേഡുകളിൽ പരിമിത സീറ്റുകൾ ലഭ്യമാണെങ്കിലും ഒട്ടേറെ അപേക്ഷകരുള്ളതിനാൽ പ്രവേശന പരീക്ഷയിൽ മികച്ച മാർക്കു നേടുന്നവർക്ക് അഡ്മിഷൻ നൽകാനാണ് സ്‌കൂൾ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ മിക്ക സ്‌കൂളുകളിലും ഒഴിവില്ല. ഒൻപതാം ക്ലാസിലെ സിബിഎസ്ഇ റജിസ്‌ട്രേഷൻ സമയം കഴിഞ്ഞതിനാൽ അഡ്മിഷൻ പ്രയാസമാണെന്ന് അധികൃതർ അറിയിച്ചത്. അതേസമയം, നാട്ടിൽ സിബിഎസ്ഇ റജിസ്‌ട്രേഷൻ ചെയ്തവർക്ക് ഒഴിവു വരുന്ന സീറ്റിലേക്ക് അഡ്മിഷൻ നേടാം. പിന്നീട് റജിസ്‌ട്രേഷൻ യുഎഇയിലേക്കു മാറ്റിയാൽ മതിയാകും.
Comments (0)