Posted By saritha Posted On

സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

NRI Baggage നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും നൽകുന്ന സ്നേഹപ്പൊതികളെ സ്വന്തം പെട്ടിയിലാക്കുന്നവരാണ് ഓരോ പ്രവാസിയും. ചിലപ്പോള്‍ ആ സ്നേഹപ്പൊതികളില്‍ വന്‍ ചതി ഒളിഞ്ഞിരിപ്പുണ്ടാകും. ഭാരം അധികമാകുന്നതിനു് പിഴയടച്ചും ഭാരം കുറയ്ക്കാൻ സ്വന്തം സാധനങ്ങളുടെ എണ്ണം കുറച്ചും പ്രവാസികൾ ചെയ്യുന്ന അത്ര അഡ്ജസ്റ്റ്മെന്‍റ് ഒന്നും മറ്റാരും ചെയ്യണമെന്നില്ല. നാട്ടിൽ നിന്ന് ഇങ്ങോട്ടു വണ്ടി കയറുമ്പോഴുമുണ്ടാകും കൂടെ കൊണ്ടുപോരാൻ ഒരുപാട്. അച്ചാര്‍, ചമ്മന്തിപ്പൊടി, ബീഫ് വരട്ടിയത്, മോരു കറി അങ്ങനെ പലതും ഉണ്ടാകും. ചിലപ്പോൾ ഇവിടെത്തുമ്പോൾ അച്ചാറിലെ എണ്ണ ചോർന്നിട്ടുണ്ടാകും, പെട്ടിയിൽ ഒരു കെട്ട നാറ്റമുണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എന്നാലും പരിഭവമില്ലാതെ ഈ പണിയൊക്കെ പ്രവാസി ചെയ്യും. പെട്ടിയിലെ ഓരോ പൊതികളുടെയും ഉത്തരവാദി ആ പ്രവാസിയാണ്. തന്റേതല്ലാത്ത പൊതിയിൽ എന്താണെന്നു പോലും അറിയാത്ത പ്രവാസി, മുഴുവൻ പൊതികളുടെയും ഉത്തരവാദിത്തം ഏൽക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. കൊടുത്തുവിടുന്ന അച്ചാറിൽ എംഡിഎംഎ ആണോ, കഞ്ചാവ് ലേഹ്യമാണോ എന്ന് തുരന്നു നോക്കാൻ ഒരു പ്രവാസിക്കും കഴിയില്ല. അങ്ങനെയൊരു പണി ഈ അടുത്തു പ്രവാസിക്കു കിട്ടി. ഭാഗ്യത്തിന്, ആ ആച്ചാർ പൊതി, വിമാനത്താവളം എത്തിയില്ല. പെട്ടിയിലാക്കും മുൻപ് തുറന്നു നോക്കാൻ ഉപദേശിച്ചത് സീനിയർ പ്രവാസി തന്നെയാണ്. സംശയം വെറുതെ ആയില്ല. കുപ്പിയിൽ അച്ചാറായിരുന്നില്ല, എംഡിഎംഎ ആയിരുന്നു. ജനങ്ങൾക്കു മേൽ ഓരോ പ്രവാസിയും വച്ചു പുലർത്തുന്നൊരു വിശ്വാസമുണ്ട്, ചതിക്കില്ലെന്നൊരു വിശ്വാസം. അതിനു മേലെയാണ് ഇത്തരം അച്ചാർ കുപ്പികൾ തുറന്നു വീഴുന്നത്. നിങ്ങൾക്കു ലഹരി കച്ചവടം ഒരു ജീവിതമാർഗം ആക്കാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്, അതിന്റെ ഭവിഷ്യത്തുകളെ നിങ്ങൾ സ്വയം ചുമക്കുക. ദയവു ചെയ്തു പ്രവാസിയുടെ പെട്ടിയിൽ തൊട്ടുകളിക്കരുത്. അതിനു പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, സ്നേഹമുണ്ട്, കരുതലുണ്ട്. തകർക്കരുത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *