
ആരോഗ്യസ്ഥാപനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക്; യുഎഇയില്‍ ഏകീകൃത ലൈസൻസിങ് പ്ലാറ്റ്‌ഫോം വരുന്നു
UAE Unified healthcare licensing platform അബുദാബി: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക്. യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്കായി നടപ്പാക്കുന്ന ഏകീകൃത ലൈസൻസിങ് പ്ലാറ്റ്‌ഫോം അടുത്തവർഷം രണ്ടാംപാദത്തിൽ പ്രവർത്തനക്ഷമമാകും. ആരോഗ്യ സ്ഥാപനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കാനുള്ള ദേശീയപദ്ധതിയുടെ ഭാഗമായി, സംവിധാനത്തിന്റെ രൂപകല്പന പൂർത്തിയായതായി ആരോഗ്യ, രോഗപ്രതിരോധമന്ത്രാലയം (മൊഹാപ്പ്) അധികൃതർ അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോം പ്രതിവർഷം രണ്ട് ലക്ഷത്തിലേറെ ആരോഗ്യസംരക്ഷണ വിദഗ്ധർക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇതിനായി നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, മറ്റ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ഓരോ എമിറേറ്റിന്‍റെയും ആരോഗ്യ അതോറിറ്റിയിൽ പ്രത്യേകം രജിസ്റ്റർ ചെയ്യാതെ തന്നെ യുഎഇയിലുടനീളമുള്ള ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യാനുള്ള അവസരം പുതിയ സംവിധാനത്തിലൂടെ ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കൂടാതെ, ഏകീകൃത സംവിധാനം വരുന്നതോടെ, ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രയത്നവും കാത്തിരിപ്പും കുറയുകയും ആരോഗ്യപ്രവർത്തകർക്ക് രാജ്യത്തെ പൊതു-സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാനുള്ള നടപടിക്രമങ്ങളും എളുപ്പമാകുകയും ചെയ്യും. മൊഹാപ്പ്, അബുദാബി ആരോഗ്യ വകുപ്പ് (ഡിഒഎച്ച്), ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ഷാർജ ഹെൽത്ത് അതോറിറ്റി (എസ്എച്ച്എ) എന്നിവയുൾപ്പെടെയുള്ള അതോറിറ്റികളെയെല്ലാം സംയോജിപ്പിച്ച് തടസമില്ലാത്ത സേവനങ്ങളാണ് പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത. ഇതിലൂടെ ആരോഗ്യ അധികാരികൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തും.
Comments (0)