തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാരുമാത്ര സ്വദേശിനിയായ ഫസീല (23) ആണ് മരിച്ചത്. ഇന്നലെ ഭർതൃവീട്ടിലെ ടെറസിൽ ഫസീല തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ (29) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫസീലയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുക്കാടത്ത്കുന്ന് സ്വദേശിയായ നൗഫൽ കാർഡ്ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ്. മരണത്തിന് മുമ്പ് ഫസീല മാതാവിനയച്ച വാട്സാപ്പ് സന്ദേശത്തിൽ ഭർത്താവിന്റെ ക്രൂരമർദനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.ഒന്നര വർഷം മുമ്പാണ് ഫസീലയും നൗഫലും വിവാഹിതരായത്. ദമ്പതികൾക്ക് പത്തുമാസം പ്രായമുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ ഗർഭധാരണം അറിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ ക്രൂരമർദനം നേരിടേണ്ടി വന്നതായി ഫസീല മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഫസീലയുടെ രണ്ടാമത്തെ ഗർഭം മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്തയോടെയാണ്.

“ഉമ്മാ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. വേദന സഹിക്കാനായില്ല, ഞാൻ അവന്റെ കഴുത്ത് പിടിച്ചു. നൗഫൽ നുണ പറഞ്ഞു, ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു. ഉമ്മാ, ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. അസ്സലാമു അലൈക്കും. എന്റെ കൈകൾ നൗഫൽ പൊട്ടിച്ചു. എന്നാൽ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത്, ഇത് എന്റെ അപേക്ഷയാണ്.”
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.