Posted By saritha Posted On

ദുബായിലേക്ക് വരുന്നവർക്ക് സന്തോഷവാർത്ത; ഒപ്പം ആനുകൂല്യങ്ങളും

ദുബായ്: ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ യുഎഇയിൽ എത്തിയാൽ പ്രത്യേക ആനുകൂല്യങ്ങൾ. യുഎഇയിൽ വിസിറ്റ് വിസയ്ക്ക് എത്തിയവർക്കാകും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. വിവിധ എമിറേറ്റുകളില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) ഒഴിവാക്കും. 2018 ൽ ഈ പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന് വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നികുതി തിരിച്ചു ലഭിക്കുന്ന രീതിയില്‍ ഈ പദ്ധതി യുഎഇ സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഷോപ്പിങ് മാളുകളിലെ ഡിസ്‌കൗണ്ടുകള്‍ക്കും മെഗാ നറുക്കെടുപ്പുകള്‍ക്കുമൊപ്പം നികുതിയിളവ് കൂടി നല്‍കി കൂടുതല്‍ പേരെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിസിറ്റ് വിസയിൽ എത്തിയവർ നാട്ടിലേക്ക് തിരികെ പോകുമ്പോഴാണ് നികുതി തിരിച്ച് ലഭിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വാറ്റ് റീഫണ്ട് ഉള്ള ഉല്‍പ്പന്നങ്ങളാണെന്ന് ഷോപ്പുകളില്‍ ചോദിച്ച് ഉറപ്പാക്കാൻ മറക്കരുത്. ബില്‍ തയ്യാറാക്കുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പരും ഫോണ്‍ നമ്പരും കൂടി ചേര്‍ക്കണം. തുടര്‍ന്ന് വിമാനത്താവളത്തിലോ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലോ ഉള്ള റീഫണ്ട് കിയോസ്‌ക്കുകളില്‍ ബില്‍ സമര്‍പ്പിക്കാം. ഇ-ബില്ലും പേപ്പര്‍ ബില്ലും കിയോസ്‌ക്കുകളില്‍ സ്വീകരിക്കുന്നതാണ്. പേപ്പര്‍ ബില്ലുകളാണെങ്കില്‍ അതോടൊപ്പം കടയില്‍ നിന്ന് തരുന്ന ടാക്‌സ് ഫ്രീ ടാഗും കരുതണം. ബില്ലുകളില്‍ രേഖപ്പെടുത്തിയ നിരക്ക് അനുസരിച്ചുള്ള നികുതി റീഫണ്ട് സന്ദര്‍ശകര്‍ക്ക് ലഭിക്കും. ഉത്പന്നങ്ങള്‍ വാങ്ങുന്ന കടയില്‍ നികുതി റീഫണ്ട് പദ്ധതി ഉണ്ടായിരിക്കണം. ഉത്പന്നങ്ങള്‍ വാങ്ങി 90 ദിവസത്തിനകം റീഫണ്ട് വാങ്ങണം. തിരിച്ചു പോകുമ്പോൾ റീഫണ്ട് പദ്ധതി പ്രകാരം വാങ്ങിയ ഉത്പന്നങ്ങള്‍ സന്ദര്‍ശകരുടെ കൈവശമുണ്ടായിരിക്കണം എന്നും ചട്ടമുണ്ട്.

റീ ഫണ്ടുകൾ ലഭിക്കുന്നത് എവിടെ നിന്നെല്ലാം?

യുഎഇയിലെ ഏഴ് വിമാനത്താവളങ്ങള്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടക്കുന്ന അഞ്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, അബുദബി, ദുബായ്, ഫുജൈറ തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ കിയോസ്‌ക്കുകള്‍ ഉണ്ട്. യുഎഇ പ്ലാനറ്റ് എന്ന സ്ഥാപനത്തിനാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങളുടെ ചുമതല.

യോഗ്യത ആര്‍ക്കെല്ലാം

സന്ദര്‍ശക വിസയിലെത്തുന്ന 18 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് നികുതി തിരിച്ച് ലഭിക്കുക. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് ലഭിക്കില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *