അടുത്തിടെയാണ് പോളിഷുകാരനായ കജെതൻ ഹബ്നർ യുഎഇയിൽ താമസം ആരംഭിച്ചത്. രാജ്യത്ത് താമസം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ധനനഷ്ടത്തിനും ദുഃഖത്തിനും ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഹബ്നർക്കുണ്ടായത്. എന്നാൽ രാജ്യത്തെ നിവാസികളുടെ സത്യസന്ധത മനസിലാക്കാനും രാജ്യത്തെ കുറിച്ച് കൂടുതൽ മതിപ്പുണ്ടാവുന്നതുമായ അനുഭവമാണ് ഹബ്നർക്കുണ്ടായത്. 1,700 ദിർഹം മാത്രം വിലയുള്ള ഒരു ഡെലിവറിക്ക് ആകസ്മികമായി 17,000 ദിർഹം അധികമായി നൽകി. എന്നാൽ അക്കാര്യം അറിഞ്ഞതുമില്ല. നൂണിൽ നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടറായിരുന്നു ഹബ്നർ വാങ്ങിയത്. പണം കയ്യിൽ നൽകുകയുമാണ് ചെയ്തത്. ഡെലിവറിക്ക് വന്നയാളുടെ കയ്യിൽ പണം നൽകിയെങ്കിലും റൈഡർ അത് എണ്ണി നോക്കുന്നതും കണ്ടില്ല. ഈ രാജ്യത്തെ രീതിയായിരിക്കുമിതെന്ന് കരുതി. പക്ഷെ താൻ അധികം പണം ഡെലിവറി റൈഡർക്ക് നൽകിയെന്ന് ചിന്തിച്ചിരുന്നില്ല. ഡെലിവറി റൈഡറായ മുഹമ്മദ് മൊഹ്സിൻ നസീർ വൈകീട്ട് തന്റെ ഷിഫ്റ്റ് അവസാനിക്കുമ്പോൾ പണം എണ്ണി നോക്കുമ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പിന്നെ സുഹൃത്തുക്കളെ കൊണ്ടും പണം എണ്ണിതിട്ടപ്പെടുത്തി നോക്കി. അപ്പോഴും പണം അധികം തന്നെ, ആരെങ്കിലും തനിക്ക് അധികം ടിപ്പ് നൽകുന്നതായിരുന്നോ എന്നും മുഹസിന് സംശയമായി. എന്നാലും ആരാണ് ഇത്ര വലിയ ടിപ്പ് നൽകുക.
ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് മുഹ്സിന്റെ അമ്മ പാകിസ്താനിൽ നിന്ന് വിളിക്കുന്നത്. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി ഒരു ദിർഹം പോലും കയ്യിൽ സൂക്ഷിക്കരുതെന്നും തിരികെ നൽകണമെന്നും അമ്മ ഉപദേശിച്ചു. പിറ്റേന്ന് തന്നെ മുഹ്സിൻ ഹബ്നറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് പണം അദ്ദേഹത്തിന്റേതാണെന്ന് അറിഞ്ഞത്. അതേസമയം ഹബ്നറും അദ്ദേഹത്തിന്റെ പങ്കാളിയും പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സമയം മുതൽ തങ്ങളുടെ സ്യൂട്ട് കേസുകൾ ഉൾപ്പെടെ എല്ലായിടത്തും തിരയുകയായിരുന്നു. ഡെലിവറി റൈഡർക്ക് പണം നൽകാനായി പോയപ്പോൾ പണം നഷ്ടപ്പെട്ടിരിക്കാം എന്ന് വരെ ഹബ്നർ ചിന്തിച്ചു. ഒരിക്കലും തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹബ്നർ പറയുന്നു. ഹബ്നറുടെ പങ്കാളി ഡെലിവറി റൈഡർക്ക് നൽകിയതിൽ അധിക തുകയുണ്ടായിരുന്നോ എന്നും ഹബ്നറോട് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താൻ കൃത്യം പണം നൽകിയെന്നായിരുന്നു ഹബ്നർ ധരിച്ചിരുന്നത്.
യഥാർത്ഥത്തിൽ 500 ദിർഹത്തിന്റേത് എന്ന് കരുതി 1000 ദിർഹത്തിന്റെ നോട്ടുകളായിരുന്നു ഹബ്നർ കൈമാറിയത്. മുഹ്സിൻ സംഭവം നടന്ന് പിറ്റേ ദിവസം തന്നെ പണം ഉടമയെ ഏൽപ്പിക്കാനെത്തി. അപ്പോൾ ഹബ്നർ 300 ദിർഹം നൽകിയെങ്കിലും മുഹ്സിൻ സ്വീകരിക്കാൻ തയ്യാറായില്ല. യഥാർത്ഥ പ്രതിഫലം അല്ലാഹുവിൻ്റെ പക്കലാണെന്നും പണം തിരികെ നൽകേണ്ടത് തൻ്റെ കടമയാണെന്നുമായിരുന്നു മുഹ്സിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് താൻ ഏറെ കടപ്പെട്ടിരിക്കുന്നെന്നും ആരും അറിയാതെ പണം സൂക്ഷിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് തിരികെ നൽകിയതിൽ നന്ദിയുണ്ടെന്നും ഹബ്നർ പറഞ്ഞു. സംഭവം ഹബ്നറിന്റെ പെൺസുഹൃത്ത് ഫോണിൽ പകർത്തുകയും പിന്നീട് മുഹ്സിന്റെ അനുമതിയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് നൂൺ തങ്ങളുടെ ജീവനക്കാരന്റെ സത്യസന്ധമായ പ്രവർത്തനത്തിന് പാരിതോഷികം നൽകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5