Kuwait money exchange robbery കുവൈത്തിൽ മണി എക്സ്ചേഞ്ച് കൊള്ള; 20 ലക്ഷത്തിലേറെ രൂപയുടെ കറൻസി കവർന്ന ഫിലിപ്പീൻസ് പൗരന് 5 വർഷം തടവ്

Kuwait money exchange robbery കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖിൽ മണി എക്സ്ചേഞ്ച് സ്ഥാപനം കൊള്ളയടിച്ച് വിവിധ രാജ്യങ്ങളുടെ കറൻസികൾ മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് പൗരന് അഞ്ച് വർഷം കഠിനതടവ്. കുവൈത്ത് ക്രിമിനൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ജഡ്ജി ഖാലിദ് റഷാദ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജഡ്ജിമാരായ അബ്ദുൽ അസീസ് അൽ മുഅദാദിയും അബ്ദുൽ ഹാദി അൽ ഹജ്രിയും ബെഞ്ചിലുണ്ടായിരുന്നു.

കവർച്ച സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ പിടികൂടുകയായിരുന്നു.

മണി എക്സ്ചേഞ്ചിലെ ജീവനക്കാരെ ഭീഷണിപ്പെടുത്താൻ കളിത്തോക്കും പെട്രോൾ നിറച്ച കുപ്പിയും ഉപയോഗിച്ചാണ് പ്രതി കവർച്ച നടത്തിയതെന്നാണ് കേസ്. കുവൈത്തി ദിനാർ, ഈജിപ്ഷ്യൻ പൗണ്ട്, ഫിലിപ്പീൻസ് പെസോ, സൗദി റിയാൽ, തുർക്കിഷ് ലിറ, യുഎസ് ഡോളർ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കറൻസികളാണ് മോഷ്ടിച്ചത്.

മോഷ്ടിച്ച പണത്തിന്റെ ആകെ മൂല്യം 7,434 കുവൈത്തി ദിനാറോളം വരും. ഇത് ഇന്ത്യൻ രൂപയിൽ 20 ലക്ഷത്തിലധികം വരും.വിശദമായ വിചാരണയ്ക്കുശേഷമാണ് കോടതി പ്രതിക്ക് അഞ്ച് വർഷത്തെ കഠിനതടവ് വിധിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *